എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിലും, തിരിച്ചു വരാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് മമ്മൂട്ടി. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയപ്പോഴാണ് പ്രതികരണം. മമ്മൂട്ടിയെ കാണാൻ നിരവധി ആരാധകരാണ് നെടുമ്പാശ്ശേരി വിമാനത്താവളച്ചിൽ തമ്പടിച്ചിരുന്നത്.

കൊച്ചി: കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്ന് നടൻ മമ്മൂട്ടി. എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിലും, തിരിച്ചു വരാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയപ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണം ഉണ്ടായത്. മമ്മൂട്ടിയെ കാണാൻ നിരവധി ആരാധകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തമ്പടിച്ചിരുന്നത്. ആരാധക‍ർക്ക് മുന്നിൽ കൈവീശിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് കൂടെ നിന്നവ‍ർക്കും പ്രാർത്ഥിച്ചവർക്കും നന്ദി രേഖപ്പെടുത്തിയത്.

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മമ്മൂട്ടി കേരളത്തില്‍ അവസാനമായി ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്‍റെ ചിത്രീകരണത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹൈദരാബാദ്, ലണ്ടന്‍ ഷെഡ്യൂളുകളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ചെന്നൈയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ മടക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 19 നാണ് മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്ത ഒപ്പമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചത്. പാട്രിയറ്റിന്‍റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഒക്ടോബര്‍ 1ന് മമ്മൂട്ടി എത്തിയിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് പാട്രിയറ്റ് എന്ന സിനിമയുടെ പ്രത്യേകതയാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. അതേസമയം നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. നവംബര്‍ 27 നാണ് ഈ ചിത്രത്തിന്‍റെ റിലീസ്.

YouTube video player