അടുത്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍

മേക്കോവറുകളില്‍ മമ്മൂട്ടിയോളം താല്‍പര്യം കാട്ടിയിട്ടുള്ള താരങ്ങള്‍ മലയാളത്തില്‍ കുറവാണ്. വേഷത്തിലോ ഹെയര്‍സ്റ്റൈലിലോ വരുത്തുന്ന ചെറിയ മാറ്റങ്ങളില്‍ പോലും മമ്മൂട്ടി കഥാപാത്രമായി രൂപാന്തരപ്പെട്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഒപ്പം കഥാപാത്രങ്ങള്‍ക്കുവേണ്ടി കൈക്കൊള്ളുന്ന വ്യത്യസ്ഥ ഭാഷാ വകഭേദങ്ങള്‍ കൂടിയാവുമ്പോള്‍ ആ മേക്കോവറുകള്‍ പൂര്‍ണത നേടുന്നു. സൂര്യമാനസവും വിധേയനും രാജമാണിക്യവും കോട്ടയം കുഞ്ഞച്ചനുമൊക്കെ ഉദാഹരണങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രത്തിലും അത്തരത്തിലുള്ള മേക്കോവറുണ്ട്. പ്രാചീന കേരളത്തിലെ യോദ്ധാക്കളുടെ കഥ പറയുന്ന മാമാങ്കത്തിന്‍റെ കൊച്ചി ഷെഡ്യൂളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി, ലോകത്തിന്‍റെ ആദരം ഏറ്റുവാങ്ങിയ ഒരു കമ്യൂണിസ്റ്റ് നേതാവായി മമ്മൂട്ടി വന്നാല്‍ എങ്ങനെയുണ്ടാവും? ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ദീര്‍ഘകാലം പ്രസിഡന്‍റുമായിരുന്ന ഫിദല്‍ കാസ്ട്രോയുടെ കാര്യമാണ് പറയുന്നത്. ഫിദല്‍ കാസ്ട്രോയുടെ മോക്കോവറിലുള്ള മമ്മൂട്ടിയുടെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ ഇതൊരു യഥാര്‍ഥ സിനിമാ പോസ്റ്റര്‍ അല്ലെന്ന് മാത്രം. നേരത്തെയും ഒറിജിനലിനെ വെല്ലുന്ന ഫാന്‍മേഡ് പോസ്റ്ററുകള്‍ ഒരുക്കിയിട്ടുള്ള സാനി യാസ് ആണ് ഇതിന്‍റെ സൃഷ്ടാവ്. 'ഫിദല്‍ സുപ്രീം' എന്നാണ് സാനി മനസ്സിലുള്ള സാങ്കല്‍പിക സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കടും പച്ച നിറത്തിലുള്ള യൂണിഫോമും ചെന്താരകം പതിച്ചിരിക്കുന്ന തൊപ്പിയും വച്ചാണ് പോസ്റ്ററില്‍ മമ്മൂട്ടി. യുവാവായും മധ്യവയസ്കനായുമുള്ള രണ്ട് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി.

അതേസമയം നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്‍റെ സന്തതികളാണ് മമ്മൂട്ടിയുടെ ഇനി തീയേറ്ററുകളിലെത്തേണ്ട ചിത്രം. ഡെറിക് എബ്രഹാം എന്നുപേരായ പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍ മമ്മൂട്ടി.