കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നതു മുതല്‍ താരത്തിന് പ്രതിരോധം തീര്‍ത്താണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നിലപാടെടുത്തത്. ഇന്നസെന്റിന്റെ നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് ഇന്നസെന്റ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. ഇന്നസെന്റിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇന്നസെന്റിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായില്ല.

ഇന്നലെ ദിലീപിനെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തതുമുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ് എന്താണ് ഇന്നസെന്റിന്റെ നിലപാട് എന്ന്. ഇന്നസെന്റ് പ്രതികരിക്കണമെന്നും ദിലീപിനെ പുറത്താക്കണമെന്നും സംഘടന പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇന്നസെന്റ് രാജിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. 

എന്നാല്‍ ഇന്നസെന്റെ പ്രതികരിക്കാതിരുന്നതിന് കാരണമുണ്ട്. അത് ഇന്ന് അമ്മ എക്‌സിക്യൂട്ടിവിന് ശേഷം മമ്മൂട്ടി വെളിപ്പെടുത്തി. ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസുപത്രിയിലുള്ള ഒരാളെങ്ങനെ പ്രതികരിക്കുെമന്ന് മമ്മൂട്ടി ചോദിക്കുന്നു. ഇന്നസെന്റ് രാജി വയ്‌ക്കേണ്ടതില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്ന് മ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചു.