റോട്ടര്‍ഡാമിലായിരുന്നു ചിത്രത്തിന്‍റെ ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍

ഒരു മമ്മൂട്ടി ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും പ്രീതി നേടി ബോക്‍സ്ഓഫീല്‍ വിജയം കണ്ടിട്ട് കുറച്ചുനാളായി. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്‍ത അബ്രഹാമിന്‍റെ സന്തതികള്‍ മികച്ച മൗത്ത് പബ്ലിസിറ്റിയുമായി തീയേറ്റര്‍ നിറയ്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയും അതിലെ മമ്മൂട്ടി കഥാപാത്രവും കൈയടി നേടുമ്പോള്‍ മറ്റൊരിടത്ത് വേറൊരു മമ്മൂട്ടി ചിത്രവും പ്രേക്ഷകപ്രീതി നേടുകയാണ്. ഇനിയും തീയേറ്റര്‍ റിലീസ് ചെയ്യാത്ത, റാമിന്‍റെ തമിഴ് ചിത്രം പേരന്‍പാണ് അത്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന 21ാമത് ഷാങ്‍ഹായ് ചലച്ചിത്രോത്സവത്തില്‍ പേരന്‍പിന് പ്രദര്‍ശനമുണ്ട്.

മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തിയ പ്രോജക്ടുകളിലൊന്നാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം അണിയിച്ചൊരുക്കിയ പേരന്‍പ്. ഇത്തവണത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍. ഇപ്പോള്‍ ഷാങ്‍ഹായ്‍യില്‍ പുരോഗമിക്കുന്നത് ഏഷ്യന്‍ പ്രീമിയര്‍ ആണ്. 16നും 17നും ഇന്നുമായി മൂന്ന് പ്രദര്‍ശനങ്ങളുണ്ട് ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന്. 

Scroll to load tweet…

മികച്ച പ്രതികരണമാണ് ഷാങ്‍ഹായ്‍യില്‍ ചിത്രത്തിന് ലഭിച്ചത്. വേദിയില്‍ നിന്നുള്ള, പ്രേക്ഷകപ്രതികരണത്തിന്‍റെ ചിത്രം സംവിധായകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അഞ്ജലി അമീര്‍, ശരത്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി, തങ്കമീന്‍കള്‍ ഫെയിം ബേബി സാധന, സിദ്ദിഖ്, അരുള്‍ദോസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണം.