അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും മരണാനന്തരമെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കു വന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.