മോഹന്‍ലാലിന് ലോകമെമ്പാടും കട്ട ആരാധകരുണ്ട്. ഇത്തരത്തില്‍ ഒരു ആരാധകയുടെ കഥ പറയുന്ന ചിത്രമാണ് 'മോഹന്‍ലാല്‍'. ഇടിക്ക് ശേഷം സാജിത് യാഹിയ മഞ്ജുവാര്യരെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ മാര്‍ച്ച് അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ സിനിമകളിലെ പ്രധാനപ്പെട്ട സംഭാഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയാകും സിനിമ സമര്‍പ്പിക്കുന്നത്. 

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള സിനിമകളിലൂടെയുള്ള സഞ്ചാരമായിരിക്കും സിനിമയുടെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകള്‍ വ്യക്തമാക്കുന്നു. ചങ്കിടിപ്പോടെ മോഹന്‍ലാലിനെ കാണുന്ന മീനുകുട്ടി എന്ന സ്ത്രീയായിട്ടാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ എത്തുന്നത്.

സിനിമ പൂര്‍ണമായും ഒരു ഫാമിലി കോമഡി ചിത്രമായിരിക്കും. ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ തിരക്കഥ കൈകാര്യം ചെയ്യുന്ന സൂധീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ.

 മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് തമാശയിലൂടെ ചിത്രം പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടോയെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ല.

തിയേറ്ററുകളില്‍ എത്തുമ്പോള്‍ അറിയാം എന്നുമാത്രമാണ് ഉത്തരം. ഇന്ദ്രജിത്ത്, സലീം കുമാര്‍, അജു വര്‍ഗീസ്, കെപി എസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.