വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്​കോസസ്​ സിനിമാനിർമാണ പഠന രംഗത്ത്​ പുതിയ ​ചുവട്​വെക്കുന്നു. സിനിമാ നിർമാണം ഒാൺലൈൻ രീതിയിൽ പഠിപ്പിക്കുന്ന പദ്ധതി 2018ൽ ആരംഭിക്കാനാണ്​ ലക്ഷ്യമിട്ടിരിക്കുന്നത്​. 20 വീഡിയോ പാഠങ്ങൾക്ക്​ 90 ഡോളർ ആണ്​ ഫീസ്​. masterclass.com/ms എന്ന വെബ്​സൈറ്റ്​ വഴി മുൻകൂർ എൻറോൾമെന്‍റ്​ ആരംഭിച്ചിട്ടുണ്ട്​. തീർത്തും പ്രചോദിപ്പിക്കുന്ന പദ്ധതിയെന്നാണ്​ സ്​കോസസ്​ ഇതിനെ വിശേഷിപ്പിച്ചത്​. ഇൗ രംഗത്തെ അനുഭവം പങ്കുവെക്കാനും യുവതലമുറക്ക്​ വഴികാട്ടാനും ഇതുവഴി സാധിക്കുമെന്നാണ്​ അദ്ദേഹം പറയുന്നത്​.

കോഴ്​സിൽ സ്വന്തം സിനിമയെ അപനിർമാണത്തിന്​ വിധേയമാക്കുകയും കഥപറയുന്നതിനെയും എഡിറ്റിങ്ങിനെയും നടൻമാരോടൊപ്പം പ്രവർത്തിക്കുന്നതിനെയും എങ്ങനെ സമീപിക്കാമെന്നും വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്​. മാസ്​റ്റർക്ലാസ്​ കോഴ്​സ്​ എന്ന്​ പേരിട്ട ഒാൺലൈൻ പാഠ്യപദ്ധതിയിൽ പാഠങ്ങളോടെയും അനുബന്ധ സാമഗ്രികളും സഹിതം ഡൗൺലോഡ്​ ചെയ്​തെടുക്കാവുന്ന വർക്ക്​ ബുക്കും ലഭ്യമാക്കുന്നുണ്ട്​. എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക്​ അവരുടെ സംശയങ്ങൾ വീഡിയോ അപ്​ലോഡ്​ ചെയ്​ത്​ സ്​കോസസിനോട്​ ഉന്നയിക്കുകയും ചെയ്യാം. അതിന്​ മറുപടിയും ലഭിക്കും. മാസ്​റ്റർ ക്ലാസ്​ 2015ൽ ആണ്​ സ്​ഥാപിതമായത്​.

ഡസനിലേറെ സെലിബ്രിറ്റികൾ ഇതുവഴി കോഴ്​സ്​ പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്​. ക്രിസ്​റ്റീന അഗിലേറ, കെവിൻ സ്​​പേസി, ഡേവിഡ്​ മാമറ്റ്​, ഷോൻഡ റൈംസ്​ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഒാസ്​കാർ ജേതാവായ സ്​കോസസി​ന്‍റെ ഒ​ട്ടേറെ ചിത്രങ്ങൾ പ്രശസ്​തമാണ്​. സൈലൻസ്​, ടാക്​സി ഡ്രൈവർ, ദ വുൾഫ്​ ഒാഫ്​ വാൾ സ്​ട്രീറ്റ്​, കെയ്​പ്​ ഫിയർ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. മികച്ച സംവിധായകൻ എന്ന എട്ട്​ തവണ അക്കാദമി അവാർഡിനായി നാമനിർദേശവും ലഭിച്ചിട്ടുണ്ട്​. 2006ൽ പുറത്തിറങ്ങിയ ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ദ ഡിപ്പാർടഡ്​ എന്ന സിനിമക്കാണ്​ അദ്ദേഹത്തിന്​ ഒാസ്​കാർ പുരസ്​ക്കാരം ലഭിച്ചത്​.