നടി ആര്യ ബാബു വിവാഹ വിശേഷങ്ങൾ പങ്കുവെക്കുന്നു. വിവാഹത്തിന് മഞ്ജു വാര്യർ വിളിച്ചതിനെക്കുറിച്ചും, ലക്ഷങ്ങൾ വിലയുള്ള സാരിയെക്കുറിച്ചും, രണ്ടാം വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതയായത്. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ഇപ്പോഴും ആര്യ പങ്കുവെയ്ക്കുന്നുണ്ട്. വിവാഹത്തിന് അണിഞ്ഞ വസ്ത്രങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരുടെ ആശംസകളെക്കുറിച്ചുമൊക്കെയാണ് കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആര്യ കുറിച്ചത്.

കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഫോൺ‌ കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന്, അതെ വന്നു എന്നായിരുന്നു ആര്യയുടെ ഉത്തരം. മഞ്ജു വാര്യരുടെ കോളായിരുന്നു അത്. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു എന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്നും ആര്യ കൂട്ടിച്ചേർത്തു. താലികെട്ടിന്റെ സമയത്തു ധരിച്ച സാരിയുടെ വിലയും ആര്യ വെളിപ്പെടുത്തി. 190000 രൂപയാണ് സാരിയുടെ വിലയെന്നും സ്വന്തം ബ്രാൻഡായ കാഞ്ചീവരത്തിന്റെ പ്രീമിയം കലക്ഷനിലുള്ള സാരിയാണ് അതെന്നും താരം കൂട്ടിച്ചേർച്ചു.

വിവാഹ കാര്യം പറഞ്ഞപ്പോള്‍ മകള്‍ ഖുഷി എന്താണ് പറഞ്ഞതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. ഖുഷിയ്‌ക്കൊപ്പമുള്ള വിഡിയോയിലൂടെയാണ് ആര്യ അതിന് മറുപടി നല്‍കിയത്. യെസ് എന്ന് പറഞ്ഞു. നിങ്ങളാരും പ്രൊപ്പോസല്‍ വീഡിയോ കണ്ടില്ലേ. ഇന്‍സ്റ്റയില്‍ ഉണ്ട്, കാണൂ എന്നും ആര്യ പറയുന്നുണ്ട്.

രണ്ടാം വിവാഹം എന്നൊന്ന് ഇല്ല, ഞങ്ങളുടേത് വിവാഹമാണ്, സാധാരണ വിവാഹം. ഒന്നാമത്തേത് രണ്ടാമത്തേത് എന്നിങ്ങനെയൊന്നും കരുതുന്നില്ലെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ആര്യ പറഞ്ഞു. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭയമാണ്. ഇതും പരാജയപ്പെട്ടാലോ എന്ന ഭായമാണ് കാരണമെന്ന് പറഞ്ഞൊരാള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്. ഒരിക്കല്‍ തെന്നി വീണെന്ന് കരുതി, എഴുന്നേറ്റ് വീണ്ടും മുന്നോട്ട് പോകുന്നത് വേണ്ടെന്ന് വെക്കുമോ? അതോ വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാന്‍ ശ്രമിക്കുമോ? എന്നായിരുന്നു ആദ്യയുടെ മറുചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക