17 വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകസുന്ദരിപട്ടം മാനുഷി ചില്ലറിലൂടെ വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നു. കാര്‍ഡിയാക് സര്‍ജനാകാന്‍ ആഗ്രഹിച്ച് പഠനം തുടങ്ങിയതെങ്കിലും 2017 ലെ ലോക സുന്ദരി പട്ടമാണ് ആദ്യം മാനുഷിയെ കാത്തിരുന്നത്. 20 കാരിയായ മാനുഷി ഹരിയാനയെ പ്രതിനിധീകരിച്ചാണ് മിസ് ഇന്ത്യ മത്സരത്തിനെത്തിയത്. ഇന്ത്യയിലെ 29 പേരില്‍നിന്ന് ഒന്നാമതായെത്തിയ മാനുഷി ഇന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 108 മത്സരാര്‍ത്ഥികളെ പിന്തള്ളി ലോകത്തിന്‍റെ നെറുകയിലാണ്.

സ്വപ്നം കാണുന്നത് എന്ന് അവസാനിക്കുന്നുവോ അന്ന് ജീവിതവും അവസാനിക്കുന്നുവെന്നാണ് മാനുഷിയുടെ പക്ഷം. അതിരുകളില്ലാതെ സ്വപ്നം കാണുക, ജീവിതം സുന്ദരമാകുമെന്ന് അവള്‍ പറയുമ്പോള്‍ എങ്ങനെ മറുത്ത് പറയും. തന്‍റെ നിശ്ചയ ദാര്‍ഢ്യംകൊണ്ട് ലോകം തന്നെ കീഴടക്കിയിരിക്കുകയല്ലേ ഈ ഹരിയാനക്കാരി. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുള്ള മാനുഷി ഒരു മികച്ച ചിത്രകാരികൂടിയാണ്. പാരാഗ്ലൈഡിംഗിലും സ്കൂബ ഡൈവിംഗിലുമെല്ലാം ഒരേപോലെ തല്‍പ്പരയാണ് ഈ സുന്ദരി.

സ്ത്രീകള്‍ ഇന്ന് നേരിടുന്നതില്‍ അതീവ ഗുരുതരമായ ആര്‍ത്തവ ശുചിത്വമെന്ന വിഷയത്തില്‍ ലോകത്തെ ബോധവത്കരിക്കുന്ന പദ്ധതിയായ ശക്തിയുടെ അമരത്തും മാനുഷിയുണ്ട്. 20 ഓളം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 5000 ത്തോളം സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇവര്‍ക്കായി. 

ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയായിരുന്നു ഇന്ത്യയില്‍നിന്നുള്ള അവസാന ലോക സുന്ദരി. 2000 ല്‍ യുകെയില്‍ നടന്ന മത്സരത്തിലാണ് പ്രിയങ്ക പുരസ്കാരം നേടിയത്. പിന്നീട് മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നെങ്കിലും ലോകസുന്ദരി പട്ടം രാജ്യത്തെത്തിയിരുന്നില്ല.