ഒടിയന്‍ മാത്രമല്ല മഹാഭാരതവും ഉടന്‍ ഒരുങ്ങും

മോഹന്‍‌ലാല്‍ നായകനാകുന്ന ഒടിയനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടിയിലിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമാകുന്ന മറ്റൊരു വാര്‍ത്ത കൂടി. മഹാഭാരതവും ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അത്തരം സൂചന നല്‍കുന്നത്.

എ ടി വാസുദേവന്‍ നായര്‍ക്കൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് പോസ്‌റ്റ്. നാം ഒരുമിച്ച് കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടു- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

രണ്ട് ഭാഗങ്ങളിലായി ആയിരം കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

അതേസമയം ഒടിയന്‍ പ്രദര്‍ശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഹരികൃഷ്‍ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ഭാരം കുറച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഒടിയന്റെ ചെറുപ്പം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.