കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയെക്കുറിച്ച് മോഹന്‍ലാല്‍

എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി ഇന്ന് നടന്നത് സൗഹാര്‍ദ്ദം നിറഞ്ഞ ചര്‍ച്ചകളെന്ന് മോഹന്‍ലാല്‍. വന്‍ വാര്‍ത്താപ്രാധാന്യം നേടിയ വാര്‍ത്താസമ്മേളനം നടന്നതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

മോഹന്‍ലാലിന്‍റെ കുറിപ്പ്

എറണാകുളം പ്രസ് ക്ലബ്ബിന്റെ അതിഥി ആയി മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു. ഏറെ സൗഹാര്‍ദ്ദം നിറഞ്ഞ ചര്‍ച്ചകള്‍ ആയിരുന്നു. മാധ്യമ പ്രവര്‍ത്തകരും സിനിമാ താരങ്ങളും രണ്ടായി സഞ്ചരിക്കേണ്ടവരല്ല. ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഞ്ഞുരുകണം. എല്ലാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാധ്യമ പ്രവര്‍ത്തകരും സഹായിക്കണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനും സംഘടനയും. നടനെതിരായ ആരോപണങ്ങള്‍ സത്യമായിരിക്കരുതെന്നാണ് പ്രാര്‍ഥന. സംഘടനയില്‍ താനും എല്ലാ സഹായങ്ങളും നടിക്ക് നല്‍കുന്നുണ്ട്. തല്‍ക്കാലം ദിലീപ് സംഘടനക്ക് പുറത്ത് തന്നെയാണ്. ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. ഈ സംഘടന പിരിച്ചുവിടണം എന്ന് പറയുന്നത് ശരിയല്ല. ഒട്ടേറെ പേര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ സംഘടന അനിവാര്യമാണ്. പ്രശ്‌നങ്ങളെല്ലാം നന്നായി തീരും. മഞ്ഞുരുകണം, മഞ്ഞുരുക്കാന്‍ എല്ലാവരും ശ്രമിക്കണം.

ഡബ്ല്യുസിസിയുമായി 'അമ്മ' ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ദിലീപിനെ തിരിച്ചെടുക്കണമെന്നത് ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനമായിരുന്നെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇന്ന് ചേര്‍ന്ന 'അമ്മ' യോഗത്തിന് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.