പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍

മലയാളക്കര ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. മിത്തുകളുടെ കഥ പറയുന്ന ചിത്രം മോഹന്‍ലാലിന്‍റെ ജീവിതത്തിലെ അവിസ്മരണയീയ പ്രകടനമാകുമെന്ന വിലയിരുത്തലിലാണ് ചലച്ചിത്ര പ്രേമികള്‍. പരസ്യചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഒടിയനുണ്ട്.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിംഗിനുള്ള തയ്യാറെടുപ്പിലാണ്. റിലീസിന് മുമ്പെ തന്നെ ആവേശത്തിരയിളക്കി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. കേരളക്കരയിലാകെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒടിയന്‍റെ പോസ്റ്ററുകളിലും ഫ്ളക്സുകളിലും പാലഭിഷേകം നടത്തുന്ന ആരാധകരുടെ വീഡിയോ വൈറലാകുകയാണ്.

കോട്ടയത്ത് ചിത്രം റിലീസ് ചെയ്യുന്ന അഭിലാഷ് തീയറ്ററിനു മുന്നിലുള്ള ഒടിയന്‍റെ ഫ്ലക്സിലാണ് ആരാധകര്‍ പാലഭിഷേകം നടത്തിയത്. ചിത്രം ഓഗസ്റ്റ് 15 നാണ് തീയറ്ററുകളിലെത്തുക. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍, പ്രകാശ് രാജ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.