വിവാദം ഉണ്ടാക്കുന്നത് ചരിത്രമറിയാതെ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് എ കെ ബാലന്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില് പ്രതികരണവുമായി മന്ത്രി എ കെ ബാലന്. മോഹന്ലാലിനെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മോഹന്ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക സാംസ്കാരിക സിനിമാ മേഖലയില് പ്രവര്ത്തിക്കുന്നവര് ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം ഇറക്കുകയും ഇതു സംബന്ധിച്ച് നിവേദനം സര്ക്കാരിന് കൈമാറുകയും ചെയ്തിരുന്നു.
എന്നാല് കത്തിലെ ആവശ്യത്തില് അടിസ്ഥാനമില്ലെന്നും എ കെ ബാലന് വ്യക്തമാക്കി. 2011 ല് തമിഴ് സിനിമാ നടന് സൂര്യ മുഖ്യാതിഥിയായിരുന്നുവെന്നും ചരിത്രം അറിയാതെയാണ് വിവാദമുണ്ടാക്കുന്നതെന്നും ബാലന് കൂട്ടിച്ചേര്ത്തു.
മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള് ആ താരം അഭിനയിച്ച സിനിമകള് കൂടി ഉള്പ്പെട്ട ഒരു വിധി നിര്ണ്ണയത്തില് പുരസ്കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അതെന്നും എന് എസ് മാധവന്, സച്ചിദാനന്ദന്, സേതു, രാജീവ് രവി, റിമ കല്ലിങ്കല്, ഡോ. ബിജു തുടങ്ങിയവര് ഒപ്പിട്ട സംയുക്ത പ്രസ്താവന വ്യക്തമാക്കിയിരുന്നു.
