ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലെ എതിര്‍പ്പുകള്‍ പരിശോധിക്കാമെന്ന് മോഹൻലാല്‍

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹൻലാല്‍. ദിലീപിനെ തിരിച്ചെടുത്തതിലുള്ള എതിര്‍പ്പുകള്‍ പരിശോധിക്കും. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠേനമായാണെന്നും മോഹൻലാല്‍ പറഞ്ഞു. അമ്മയ്‍ക്ക് നിക്ഷിപ്ത താല്‍പര്യമില്ല. അമ്മയെ തകര്‍ക്കാൻ ഗൂഢലക്ഷ്യമുള്ളവരെ അവഗണിക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് വിശദീകരണം.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹൻദാസും ആയിരുന്നു രാജിവച്ചത്. ഡബ്യുസിസി അംഗങ്ങളായ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ അമ്മ നേതൃത്വത്തിന് തുറന്ന കത്തും നല്‍കിയിരുന്നു. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നായിരുന്നു ആവശ്യം. അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യമുണ്ട്. ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു‍. ദിലീപിനെ തിരിച്ചെടുത്തത് ദുരുദ്ദേശ്യത്തോടെയെന്ന് നടി പത്മപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും അമ്മ ജനറല്‍ബോഡി ഉടന്‍ വിളിക്കണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടിരുന്നു. അമ്മ സംഘടയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് പാര്‍വതിയും പദ്മപ്രിയയും പറഞ്ഞിരുന്നു. വിദേശയാത്ര ചൂണ്ടിക്കാണ്ടിയാണ് പിന്തിരിപ്പിച്ചത്. ഇപ്പോഴുള്ള ഭാരവാഹികള്‍ ആരുടെയൊക്കെയോ നോമിനികളാണെന്നും നടിമാര്‍ പറയുന്നു. രാജിവച്ചവര്‍ക്ക് പിന്തുണയുമായി സാമൂഹ്യ- രാഷ്‍ട്രീയരംഗത്തെ പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.