'അമ്മ'യുടെ തലപ്പത്തെ മാറ്റത്തിൽ തുറന്നുപറച്ചിലുമായി നടൻ മോഹൻലാൽ

തിരുവനന്തപുരം: താരസംഘടന 'അമ്മ'യുടെ തലപ്പത്തെ മാറ്റത്തിൽ തുറന്നുപറച്ചിലുമായി നടൻ മോഹൻലാൽ. ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പെട്ടെന്ന് തങ്ങൾ പലർക്കും ശത്രുക്കളായി. പക്ഷേ വിമർശനങ്ങൾ കൊണ്ടായിരുന്നില്ല കൂട്ടരാജിയെന്നും മോഹൻലാൽ പറഞ്ഞു. ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അമ്മ വിഷയത്തിൽ മോഹൻലാലിൻ്റെ പ്രതികരണം. 

സ്ത്രീകൾ അമ്മയുടെ തലപ്പത്തേക്ക് വന്നത് നല്ലമാറ്റമാണെന്നും മോഹൻലാൽ പ്രതികരിച്ചു. സംഘടന വിട്ടുപോയവർ തിരിച്ചുവരണമെന്നും മോഹൻലാൽ പറഞ്ഞു. തിരുവോണനാളിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്. അമ്മ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി നിന്നതിനാൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്. 

നേരത്തെ, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് പുതിയ പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞിരുന്നു. അദ്ദേഹം ഒറ്റപ്പെട്ട് പോയതുകൊണ്ടാവാം രാജിവെച്ചത് എന്നാണ് ശ്വേത മേനോൻ പറഞ്ഞത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം. "ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സമയം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടൻ സ്ഥാനമൊഴിഞ്ഞപ്പോൾ അത് കൂടുതൽ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാൻ ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. " ശ്വേത പറഞ്ഞു. 

YouTube video player