മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം. ഒപ്പത്തിന് ശേഷം താരരാജാവും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്ന പുതിയ വാര്‍ത്തയാണ് സിനിമാ ലോകത്തു നിന്നും വരുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്. 

16 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂതിരിയുടെ നാവിക പടനായകന്‍ കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള സിനിമയാണ് ഒരുങ്ങുന്നത്. സിനിമയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഏകദേശം പത്തുമാസമെങ്കിലും വേണ്ടിവരുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അന്നത്തെ കാലത്തുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ഇതുവരെ ശേഖരിച്ചത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണെന്നും സംവിധായകന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട് എല്ലാം ചിതറിക്കിടക്കുകയാണ്, അത് ശേഖരിച്ച് നല്ല കഥയാക്കി മാറ്റി മുന്നോട്ടു പോകുകയാണ്. ഇതിന് മുന്‍പ് ഒട്ടേറെ കഥകള്‍ കേട്ടിരുന്നു. എന്നാല്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥയിലാണ് താല്‍പര്യം തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

 മഹേഷിന്‍റെ പ്രതികാരം എന്ന ചിത്ര്ത്തിന്റെ തമിഴ് റീമേക്ക് നിമിറിന്റെ ചിത്രീകരണ തിരക്കിലാണ് പ്രിയദര്‍ശന്‍. ഇതിന് ശേഷമേ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയുള്ളുവെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാലും പ്രിയദര്‍ശനും 44 സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ചിത്രമായ ഒപ്പം വന്‍ ഹിറ്റായിരുന്നു.