കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും. തുറന്ന കോടതിയിൽ വിചാരണ മദ്ധ്യേ പറയാൻ കഴിയാത്ത തെളിവുകളാണ് മുദ്രവച്ച കവറിൽ നല്കുന്നത്. ദിലീപ് സിനിമാരംഗത്ത് സ്വാധീനമുള്ള ആളായതിനാൽ ജാമ്യം നല്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് അറിയിക്കും. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. അങ്കമാലി കോടതിയില്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ക്കും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാകും ദിലീപിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കുക. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിയും ഇന്നു രാവിലെ തന്നെ ഉണ്ടാകും.