കൊച്ചി കേന്ദ്രീകരിച്ച് പ്രമുഖ നടിമാരെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവങ്ങളുടെ ചുരുളഴിയുന്നു. ഏറ്റവുമൊടുവില്‍ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ആസൂത്രണം ചെയ്ത തട്ടിക്കൊണ്ട് പോകലിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നുവെന്നത് സംബന്ധിച്ച പുതിയ വിവരങ്ങളാണ് പൊലീസിന് കിട്ടുന്നത്. നടന്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം പൊലീസ് അന്വേഷണവുമായി ഏറെ മുന്നോട്ട് പോകുമ്പോഴാണ് ഏഴ് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ പോലും വെളിച്ചത്ത് വരുന്നത്.
2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാനുള്ള ശ്രമം നടന്നുവെന്ന് കാണിച്ച് ജോണി സാഗരിക നല്‍കിയ പരാതി പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഷൂട്ടിങ് ആവശ്യത്തിനായി എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ നടിയാണ് അന്ന് ഇരയായത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്നും ഇതിന് പിന്നില്‍. എന്നാല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതിയായിരുന്നെങ്കിലും ആളുമാറി. പിന്നീട് ഇത് തിരിച്ചറിഞ്ഞ് ഇവരെ ടെംപോ ട്രാവലര്‍ വാഹനത്തില്‍ നിന്ന് വഴിയില്‍ ഇറക്കിവിടുകയായിരുന്നു. നടി തന്റെ ഭര്‍ത്താവിനെ വിളിച്ച് അപ്പോള്‍ തന്നെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ കേസിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജില്ലാ ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് എ.സി.പി ലാല്‍ജി പറഞ്ഞു.
അന്ന് ടെംപോ ട്രാവലര്‍ ഓടിച്ചിരുന്ന കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ് അടക്കം മൂന്ന് പേര്‍ കേസില്‍ പിടിയിലായിട്ടുണ്ട്. ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ എത്ര പ്രതികളുണ്ടെന്ന് അറിയാന്‍ കഴിയൂ. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നാല് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് 2010ല്‍ നടന്ന മറ്റൊരു തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ഇതിന് പിന്നിലും സുനില്‍ കുമാറിന്റെ സംഘമായിരുന്നു. പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോകാനായി പള്‍സര്‍ സുനി അടക്കമുള്ള സംഘം കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂരില്‍ എത്തിയിരുന്നെവെന്നാണ് അറസ്റ്റിലായിവര്‍ നല്‍കുന്ന വിവരം. ഇവരും സുനില്‍ കുമാറിനൊപ്പം അന്നുണ്ടായിരുന്നു. രണ്ട് പുതിയ സംഭവങ്ങള്‍ കൂടെ വെളിച്ചത്തുവന്നതോടെ നടികളെ തട്ടിക്കൊണ്ട് പോയ സംഭവങ്ങളെക്കുറിച്ചെല്ലാം വിശദമായ അന്വേഷണമാണ് പൊലീസ് നടത്താനൊരുങ്ങുന്നത്.
