ആലുവ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഇന്നും സിനിമാലോകത്തു നിന്നുള്ള പ്രമുഖര്‍ എത്തുന്നു. നടന്മാരായ വിജയരാഘവന്‍, നന്ദു, നിര്‍മ്മാതാക്കളായ രഞ്ജിത് രജപുത്ര, എവര്‍ഷൈന്‍ മണി എന്നിവരാണ് വ്യാഴാഴ്ച രാവിലെ ദിലീപിനെ സന്ദര്‍ശിച്ചത്. 

ദിലീപ് തന്റെ അടുത്ത സുഹൃത്തായതിനാലാണ് സന്ദര്‍ശിക്കാനെത്തിയതെന്ന് രഞ്ജിത് രജപുത്ര പറഞ്ഞു. ഇരയേയും താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും രഞ്ജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓണത്തോട് അടുത്ത ദിവസങ്ങളില്‍ സിനിമയിലെ നിരവധി പേര്‍ ദിലീപിനെ കാണാന്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, ഹരിശ്രീ അശോകന്‍, സുഹൃത്ത് നാദിര്‍ ഷാ, നടന്‍ സുരേഷ് കൃഷ്ണ, ജയറാം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഹംസ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

പിതാവിന്‍റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു സിനിമാ ലോകം ആലുവ സബ് ജയിലിലേക്ക് ഒഴുകിയെത്തിയത്.