ജീവിതനൗക, നീലക്കുയില്‍, ന്യൂസ് പേപ്പര്‍ ബോയ്, ഭാര്‍ഗ്ഗവീനിലയം എന്നിങ്ങനെ വേറിട്ട വഴിയേ കഥപറഞ്ഞ വിരലില്‍ എണ്ണാവുന്ന സിനിമകളൊഴിച്ചാല്‍ ക്യാമറയില്‍ പകര്‍ത്തിയ സ്റ്റേജ് നാടകങ്ങളെന്ന മട്ടില്‍ മലയാളസിനിമ ദരിദ്രമായിരുന്ന കാലം. നമ്മുടെ സിനിമയുടെ ദൃശ്യപഥം ഇത്തിരിവട്ടത്തില്‍ മാത്രം പിച്ചവച്ച ആ കാലത്താണ് എംടി സിനിമക്കുവേണ്ടി എഴുതിത്തുടങ്ങിയത്.
1965ലെ ക്രിസ്മസ് ചിത്രമായി എംടിയുടെ തിരക്കഥയില്‍ പരമേശ്വരന്‍നായര്‍ നിര്‍മ്മിച്ച് എ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ് പുറത്തിറങ്ങി. അങ്ങനെ മലയാളകഥയുടെ തലപ്പൊക്കം നമ്മുടെ സിനിമയുടേയും സ്വകാര്യ അഹങ്കാരമായി.
ഇരുപത്തിരണ്ടാം വയസ്സില്‍ എംടി എഴുതിയ നാലുകെട്ടിന്റെ ശില്‍പ്പഭംഗിയും താളവും ഒഴുക്കും മുപ്പത്തിരണ്ടാം വയസ്സില്‍ എഴുതിയ മുറപ്പെണ്ണിന്റെ തിരക്കഥയില്‍ കാണാം. പക്ഷേ സാഹിത്യത്തിന് ഉപയോഗിച്ച ഭാഷയല്ല എംടി സിനിമക്ക് ഉപയോഗിച്ചത്. ദൃശ്യബിംബങ്ങളുണ്ടാക്കാന്‍ കൈക്കുറ്റപ്പാട് തീര്‍ന്ന മറ്റൊരു രചനാസങ്കേതം എംടി സൃഷ്ടിച്ചു.
വള്ളുവനാടന്‍ ഭാഷയുടെ ഭംഗിയും കൗതുകവും മലയാള സിനിമ ആദ്യം അറിഞ്ഞത് മുറപ്പെണ്ണിലൂടെയാണ്. പ്രേം നസീറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മുറപ്പെണ്ണിലെ ബാലന്‍. പി ഭാസ്‌കരന്‍, ചിദംബരനാഥ് കൂട്ടുകെട്ടിലുണ്ടായ ഇന്നും നവമായ ഒരുപിടി ഗാനങ്ങള്‍. കെപി ഉമ്മറിന്റെ ആദ്യ ചിത്രമായ മുറപ്പെണ്ണില്‍ മധു, ശാരദ, പിജെ ആന്റണി, അടൂര്‍ ഭാസി, എസ്പി പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരന്‍, നിലമ്പൂര്‍ ബാലന്‍ എന്നിങ്ങനെ അന്നത്തെ ഒരു വന്‍ താരനിരതന്നയുണ്ടായിരുന്നു.
മുറപ്പെണ്ണില്‍ തുടങ്ങിയ എംടി പിന്നെ എത്രയോ ചലച്ചിത്രശില്‍പ്പങ്ങളുടെ പെരുംതച്ചനായി. കഥക്കും തിരക്കഥയ്ക്കും സംവിധാനത്തിനും എത്രയോ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍. കഥയുടെ നിത്യയൗവ്വനം ഇപ്പോള്‍ രണ്ടാമൂഴത്തിന് തിരക്കഥയൊരുക്കുകയാണ്. മുറപ്പെണ്ണിന്റേയും എംടിയുടെ സിനിമാ പ്രവേശത്തിന്റേയും അന്പതാം വയസ്സ് ആഘോഷമാക്കാനൊരുങ്ങുകയാണ് സുഹൃത്തുക്കളും സഹൃദയസമൂഹവും.
ജെസി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നാളെ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ മുറപ്പെണ്ണിന്‍റെ തിരശ്ശീലയിലും അണിയറയിലുമുണ്ടായിരുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുടെ ബന്ധുക്കളും എല്ലാം ഒത്തുകൂടും.
