സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ മരുമകൾ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ വിവാദമാകുന്നു. മുലായം സിങ്ങിന്‍റെ ഇളയ മകന്‍ പ്രതീക് യാദവിന്‍റെ ഭാര്യ അപര്‍ണ യാദവാണ് പദ്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്തത്. സഹോദരന്‍റെ വിവാഹാഘോഷങ്ങള്‍ക്കിടെയായിരുന്നു അപർണ്ണയുടെ നൃത്തം. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കർണി സേന രംഗത്തെത്തി. രജപുത്രവനിതയായിട്ടും പദ്മാവതിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യാൻ അപര്‍ണയ്ക്ക് എങ്ങനെ മനസ്സുവന്നെന്നാണ് കര്‍ണിസേനയുടെ വിമര്‍ശനം. 

വീഡിയോ കാണാം

ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചരിത്രം വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പ​ത്മാ​വ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ ജീ​വ​നൊ​ടു​ക്കു​ക​ വരെയുണ്ടായി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു‍. ചിത്രത്തിന് മധ്യപ്രദേശിലും ഗുജറാത്തിലും വിലക്കുണ്ട്.

തീയറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍, കോലം കത്തിക്കല്‍ തുടങ്ങി രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് അനുമതി പോലും കിട്ടിയിട്ടില്ല. 

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.