ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ ചിത്രം റേസ് 3 റിലീസിന് തയ്യാറെടുക്കുന്നതിനിടെ സല്‍മാന്‍ ഖാന് പ്രത്യേക സുരക്ഷയൊരുക്കി മുംബൈ പൊലീസ്. സല്‍മാന് അധോലോക ഭീഷണിയുണ്ടെന്ന് ഹരിയാന പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് അധിക സുരക്ഷ. രാജസ്ഥാനിലെ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയ്‍യാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ലോറന്‍സിന്‍റെ സഹായി സമ്പത്ത് നെഹ്രയില്‍ നിന്നാണ് ഹരിയാന പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. നെഹ്ര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിന്‍റെ പ്രതികരണമായാണ് ലോറന്‍സ് ബിഷ്‍ണോയ്‍യുടെ ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നെഹ്ര താരത്തെ അപായപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നെഹ്ര അകത്തായെങ്കിലും ലോറന്‍സിന്‍റെ ക്രിമിനല്‍ സംഘത്തിന്‍റെ ആള്‍ബലവും വ്യാപ്തിയും പരിഗണിച്ചാണ് സല്‍മാന് അധിക സുരക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം സല്‍മാന്‍ ഖാന്‍ നായകനാവുന്ന റേസ് 3, 15ന് തീയേറ്ററുകളിലെത്തും. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റ് താരങ്ങള്‍.