തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ ഉലകനായകന്‍ കമല്‍ഹാസന്‍ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയം സംബന്ധിച്ച നിലപാട് ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് തനിക്ക് കാവി നിറമുണ്ടാക്കില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. തനിക്ക് ഒരുപാട് നിറങ്ങളുണ്ട്. എന്നാല്‍ അവയില്‍ കാവി നിറം ഉണ്ടാകില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‍നാട്ടിലെ നിലവിലെ രാഷ്‌ട്രീയനാടകം തനിക്ക് ഇഷ്‌ടമല്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അനുയോജ്യമായ തീരുമാനം കൈക്കൊള്ളണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രീയത്തില്‍ ഇറങ്ങുമോയെന്ന ചോദ്യത്തിനാണ്, തന്റെ നിറം കാവിയാകില്ലെന്ന് കമല്‍ഹാസന്‍ ഉറപ്പിച്ച് പറഞ്ഞത്. മുഖ്യമന്ത്രിയെ കാണാനെത്തിയത് തികച്ചും വ്യക്തിപരവും സൗഹൃദപരവുമാണെന്ന് ഉലകനായകന്‍ പറഞ്ഞു. പിണറായി വിജയനെയും കേരളത്തെയും ഇഷ്‌ടപ്പെടുന്ന തനിക്ക് ഇവിടുത്തെ ജീവിതനിലവാരത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പാശ്ചാത്യനാടുകളിലേതിന് സമാനമാണ് കേരളത്തിലെ ജീവിതനിലവാരം. തന്റേത് വെറും അന്ധവിശ്വാസമല്ലെന്നും, കണക്കുകള്‍ വ്യക്തമാക്കുന്ന കാര്യമാണിതെന്നും കമല്‍ഹാസന്‍ പറഞ്ഞു.