ഹൈദരാബാദ്: തെലുങ്ക് സിനിമാ താരവും തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എയുമായ നന്ദമുരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധികന്റെ മുഖത്ത് അടിച്ചതാണ് പുതിയ വിവാദങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത്. 

നന്ത്യാലില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനെത്തിയതായിരുന്നു നന്ദമുരി. തിക്കും തിരക്കിനുമിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മുഖത്ത് ആഞ്ഞടിച്ച നന്ദമുരി അയാളെ തള്ളിമാറ്റുകയുമായിരുന്നു.

മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ആരാധകനെ ഇതേ രീതിയില്‍ മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നന്ദമുരിയുടെ പെരുമാറ്റം പലവട്ടം വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഷൂട്ടിങ്ങിനിടെ സഹായിയെ തല്ലുകയും ഷൂ ഊരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പുതിയ സംഭവം. 

നന്ദമുരി ആരാധാകനെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണിപ്പോള്‍. കടുത്ത പ്രതിഷേധമാണ് താരത്തിനെതിരെ ഉയരുന്നത്. ആരാധകരില്ലെങ്കില്‍ താരങ്ങളില്ലെന്നതടക്കമുള്ള കമന്റുകളുമായി നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.