തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് ഇപ്പോള്‍ നയന്‍താര. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കുന്ന നടി. ബോക്സ് ഓഫീസില്‍ ഇപ്പോള്‍ നായകനു തുല്യമാണ് നയന്‍താരയുടെ മൂല്യം. നായകന്റെ ലേബലില്‍ സിനിമ എന്നതിനു പകരം നയന്‍താരയുടെ സിനിമ എന്ന പരസ്യവുമായി തീയേറ്ററുകളിലേക്ക് എത്തുന്നു. സമീപകാലത്ത് മായ, ഡോറ തുടങ്ങിയ ഹൊറര്‍ സിനിമകളിലും നായികയായി എത്തി നയന്‍താര കയ്യടി നേടി. ഇപ്പോഴിതാ ഒരു മുഴുനീള കോമഡി ചിത്രത്തില്‍ നയന്‍താര നായികയാകുന്നു. കോ കോ എന്ന സിനിമയിലാണ് നയന്‍താര നായികയാകുന്നത്.

നെല്‍സണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സിനിമയില്‍ യോഗി ബാബു ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം മറ്റ് നാലു സിനിമകളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇമൈക്കാ നൊടികള്‍, അറം, കൊലൈയുതിര്‍കാലം, ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരന്‍ എന്നിവ. നിരവധി സംവിധായകരാണ് നയന്‍താരയുടെ ഡേറ്റിനായി കാത്തിരിക്കുന്നതും. ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണന്റെ പുതിയ സിനിമയിലും നായിക നയന്‍താരയാണ്. ചിരഞ്ജീവിയുടെ നായികയായി സൈറയിലും നയന്‍താര അഭിനയിക്കുന്നു.