ബാംഗ്ലൂര്‍ ഡെയ്സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം

അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ ആദ്യ വീഡിയോ ഗാനം എത്തി. രഘു ദീക്ഷിത് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആരാരോ എന്ന് തുടങ്ങുന്ന, 4.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് എത്തിയിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട ഇതേഗാനത്തിന്‍റെ ടീസര്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹം നല്‍കിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ഘടകം. പുറത്തുവന്ന വീഡിയോ സോങ്ങില്‍ നസ്രിയ മാത്രമാണുള്ളത്.

റഫീഖ് അഹമ്മദിന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ആന്‍ ആമിയാണ്. അഞ്ജലി മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പറവയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ലിറ്റില്‍ സ്വയാംപ് പോള്‍ ആണ് ക്യാമറ. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം. മ്യൂസിക് 247 ആണ് ഓഫിഷ്യല്‍ മ്യൂസിക് പാര്‍ട്നര്‍.