എമ്പുരാന് ശേഷമുള്ള ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എൽ 3- നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൃഥ്വിരാജിന്‍റെ മറുപടി 

മലയാളത്തില്‍ ഒരു ചിത്രത്തിനും ഇതുവരെ ലഭിക്കാതിരുന്ന പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. എന്നാല്‍ ലൂസിഫറിന് ലഭിച്ചതുപോലെ ഒരേപോലെയുള്ള പോസിറ്റീവ് അഭിപ്രായങ്ങളല്ല ചിത്രത്തിന് ലഭിച്ചത്. ഒപ്പം രാഷ്ട്രീയ വിവാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആയും മാറി. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ എമ്പുരാന്‍റെ പേരിലാണ്. മൂന്ന് ഭാഗങ്ങള്‍ ഉള്ള ട്രിലജിയായി തയ്യാറാക്കിയ തിരക്കഥയാണ് ലൂസിഫര്‍ ഫ്രാഞ്ചൈസിയുടേതെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി പറഞ്ഞിരുന്നു. അസ്രയേല്‍ എന്നാണ് മൂന്നാം ഭാഗത്തിന്‍റെ പേര്. എന്നാല്‍ ഈ ചിത്രം എന്ന് സംഭവിക്കുമെന്നത് അണിയറക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യാഥാര്‍ഥ്യമാവുന്നതിന് ആ ചിത്രം നേരിടുന്ന ഏറ്റവും വലിയ തടസം എന്താണ് പറയുകയാണ് പൃഥ്വിരാജ്.

ടൊവിനോ നായകനായി തിയറ്ററുകളില്‍ എത്തിയിരിക്കുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയില്‍ പൃഥ്വിരാജ് അതിഥിതാരമായി എത്തുന്നുണ്ട്. റിലീസിന് ശേഷം പള്ളിച്ചട്ടമ്പി ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിയെ തേടി എല്‍ 3 നെക്കുറിച്ച് ചോദ്യമെത്തിയത്. എമ്പുരാന്‍ ഇറങ്ങിയ സമയത്ത് കുറേ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ വന്നിരുന്നു. അത് എല്‍ 3 ല്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ? അത് ചെയ്യേണ്ട എന്ന് തോന്നിപ്പിച്ചോ?, എന്നായിരുന്നു പൃഥ്വിരാജിനോടുള്ള ചോദ്യം. അതിന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെ...

“ഇല്ല. വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. എമ്പുരാന്‍ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും എല്‍ 3 എന്നാണ് എന്ന് ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 നെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്. അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം”, പൃഥ്വിരാജ് പറഞ്ഞു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News