താരപുത്രന്മാര്‍ മലയാള സിനിമയിലേക്ക് ആധിപത്യം സ്ഥാപിച്ച കാലഘട്ടമാണിത്. താരങ്ങളുടെ മക്കള്‍ക്ക് മലയാള സിനിമ എത്രത്തോളം പ്രാധ്യാന്യം നല്‍കുന്നുവെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. താരങ്ങളുടെ മക്കളായതുകൊണ്ട് പ്രത്യക പരിഗണനയില്ലെന്നും കഴിവില്ലാത്തവരെ ആരുടെ മക്കളായാലും ജനങ്ങള്‍ പുറം തള്ളുമെന്നും നെടുമുടി വേണു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നെടുമുടിയുടെ വെളിപ്പെടുത്തല്‍.


ഒരുപാട് താരപുത്രന്മാര്‍ സിനിമയിലേക്ക് കടന്നു വരുന്ന ഒരു കാലമാണിത്. എന്നാല്‍ മിടുക്കന്മാരും മിടുക്കികളും ഉണ്ടെങ്കില്‍ അവരുടെ കഴിവിന് അനുസരിച്ച് ഓരോന്നും തരണം ചെയ്ത് അവര്‍ മുന്നേറും. ആരുടെ മോനാണെന്നോ മോളാണെന്നോ പറഞ്ഞിട്ട് കാര്യമില്ല. കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളും. ഇന്ന് നമ്മള്‍ കാണുന്ന അവസ്ഥയും അതു തന്നെയാണ്. താരപുത്രനോ പുത്രിയോ ആണെങ്കില്‍ ഒരു പ്രാഥമിക അംഗീകാരം അവര്‍ക്ക് ലഭിക്കുമായിരിക്കും. പക്ഷേ കഴിവിന് അനുസരിച്ചാണ് അവരുടെ ഭാവിയിരിക്കുന്നതെന്നും നെടുമുടി വേണു പറഞ്ഞു.

പഴയതിനേക്കാള്‍ കൂടുതല്‍ പുതിയ ആളുകള്‍ സിനിമയിലേക്ക് ഇന്ന് കടന്നു വരുന്നുണ്ട്. ആര്‍ക്കും കേറി വിളയാടാവുന്ന ഒരു സ്ഥലമാണ് സിനിമ എന്നൊരു ധാരണ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ വരുന്നവരില്‍ നിന്ന് നെല്ലും പതിരും തിരിച്ച് കഴിഞ്ഞാല്‍ അതില്‍ കൊള്ളാവുന്നത് വളരെ കുറച്ച് പേരെ ഉള്ളുവെന്നും താരം പറഞ്ഞു.

മിടുക്കന്മാര്‍ കുറച്ചു പേരും പണവും പ്രശസ്തിയും മാത്രം ആഗ്രഹിച്ച് വരുന്നവരാണ് ഭൂരിപക്ഷം. അവര്‍ക്ക് സിനിമയോടുള്ള കമ്മിറ്റ്മെന്റ് എന്നുപറയുന്നത് പെട്ടെന്ന് പേരുണ്ടാക്കുക പണമുണ്ടാക്കുകയെന്നതു തന്നെയാണ്. എന്നാല്‍ ഇതിനിടയിലൂടെ ഭാവിയെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാത്ത മിടുക്കന്മാരുമുണ്ട്. അവരിലാണ് നമ്മുടെ പ്രതീക്ഷയെന്നും നെടുമുടി പറഞ്ഞു.