‘ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട്’ എന്ന ചിത്രത്തിന് ശേഷം അതിയൻ അതിരൈയും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദണ്ഡകാരണ്യം.

അതിയൻ അതിരൈ സംവിധാനം ചെയ്ത് കലൈയരസൻ, ദിനേശ് എന്നിവർ നായകന്മാരായെത്തുന്ന 'ദണ്ഡകാരണ്യം' ടീസർ പുറത്ത്. പാ രഞ്ജിത്തിന്റെ നീലംപ്രൊഡക്ഷൻസ്, വെങ്കിടേശ്വരൻ-എസ് സായി ദേവാനന്ദിൻ്റെ ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 19 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

പ്രണയവും, മാവോയിസവും പ്രധാന പ്രമേയമാകുന്ന ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായാണ് കലൈയരസൻ എത്തുന്നത്. അതേസമയം ഒരു ജനങ്ങൾക്കിടയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ദിനേശ് എത്തുന്നത്. റിത്വിക, വിൻസു സാം, ഷബീർ കല്ലറക്കൽ, മുത്തുകുമാർ, അരുൾ ദാസ്, ശരണ്യ രവിചന്ദ്രൻ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പ്രദീപ് കാളിരാജ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ട് (Irandam Ulagaporin Kadaisi Gundu) എന്ന ചിത്രത്തിന് ശേഷം അതിയൻ അതിരൈയും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദണ്ഡകാരണ്യം. അടിച്ചമർത്തലുകൾക്കെതിരെ പോരാടുന്ന തദ്ദേശീയ ജനതയും തുടർന്നുണ്ടാവുന്ന ഭരണകൂട ഇടപെടലുകളുമാണ് ദണ്ഡകാരണ്യത്തിന്റെ പ്രമേയമെന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്.

അതേസമയം നവാഗതനായ ശിവരാജ് സംവിധാനം ചെയ്ത 'ട്രെൻഡിങ്' എന്ന ചിത്രമായിരുന്നു കലൈയരസന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലബ്ബർ പന്ത്, ജെ ബേബി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം അട്ടകത്തി ദിനേശ് വേഷമിടുന്ന പ്രധാന ചിത്രം കൂടിയാണ് ഇത്. എന്തായാലും ദണ്ഡകാരണ്യം എന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമയ്ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.