ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈനയിലെ  പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രം ഫേസ്‍ബുക്കിലൂടെയാണ്  താരം  പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളോടെയാണ് ആരാധകര്‍ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാര് കരാട്ടെ ബ്ലാക്‌ബെല്‍റ്റോ? അതോ കുംഫുവോ? തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന  മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി- ജോജുവിന്റേതാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഷാജിയാണ് ചിത്രത്തിന്‍റെ  ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.