മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ചരിത്ര സിനിമകളുടെ ഭാഗമാക്കുന്നതിന്റെ ത്രില്ലിലാണിപ്പോള്‍. മാമാങ്കത്തിന്റെയും കായംകുളം കൊച്ചുണ്ണിയുടെയും ചിത്രീകരണം ഒരേസമയം മംഗാലാപുരത്ത് പുരോഗമിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ ഈയടുത്താണ് എത്തിയത്. മാമാങ്കത്തിന് വേണ്ടിയാണ് മമ്മൂട്ടി മംഗാലാപുരത്ത് എത്തിയത്. 

ചിത്രങ്ങള്‍ക്ക് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും അടുത്തടുത്ത മുറിയിലാണ് താമസമെന്നാണ് സൂചന. താരരാജാക്കന്മാരോടൊപ്പമുള്ള ചിത്രം റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. സ്വപ്‌ന തുല്യമായ ഒരാഗ്രമാണ് ഇതിലൂടെ സാധിച്ചതെന്ന് സംവിധായകന്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയും ഇവര്‍ക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന്റെ സന്തോഷത്തിലാണ് നിവിനിപ്പോള്‍. മാമാങ്കത്തില്‍ ചാവേറിന്റെ വേഷമടക്കം നാല് ഗെറ്റപ്പുകളിയാലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.