കൊച്ചി: ദിലീപ് ചിത്രമായ രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി . നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ദിലീപ് ചിത്രമാണ് രാമലീല . 13 കോടി രൂപ മുടക്കി നിർമിച്ച സിനിമ ജൂലൈ 21 ന് റിലീസ് ചെയ്യുന്നതിനായിരുന്നു നിർമാതാക്കളായ മുളുകുപാടം ഫിലിംസ് നേരത്തെ തീരുമാനിച്ചിരുന്നത്. പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടി ഉണ്ടായിരുന്നു. എന്നാൽ ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി.
പിന്നീട് പലതവണ സിനിമ പുറത്തിറക്കാൻ ആലോചിച്ചു. ദീലിപീന്‍റെ ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ എത്തിയപ്പോഴെല്ലാം നിർമാതാക്കൾ പ്രതീക്ഷയിലായിരുന്നു. ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ സിനിമ പുറത്തിറക്കാം എന്നായിരുന്നു ആലോചന. എന്നാൽ ദിലീപിന്‍റെ ജയിൽ വാസം രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് വൈകിക്കേണ്ട എന്ന് തീരുമാനിച്ചത്. ഈ മാസം 28ന് പൂജാവധിയുടെ ഭാഗമായി വൈഡ് റീലിസ് എന്നതാണ് തീരുമാനം.
സ്വന്തം സഹപ്രവർത്തകെയ ബലാൽസംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ദിലീപാണ് നായകനെങ്കിലും നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ കാണും എന്ന വിശ്വാസത്തിലാണ് നിർമാതാക്കൾ. ചിത്രത്തന്‍റെ ടീസറിൽ ദിലീപ് തന്നെ സ്വന്തം ശബ്ദത്തിൽ തന്‍റെ കേസുമായി ബന്ധപ്പെടുത്തി ചില ഡയലോഗുകൾ ചേർത്തതും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
