ശശികലയുടെ ജയില്‍ സുഖവാസം വെളിപ്പെടുത്തിയ കര്‍ണാടക ഡിഐജിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ എ ആര്‍ രമേഷാണ് വിവാദ റിപ്പോര്‍ട്ടിലൂടെ ശ്രദ്ധാകേന്ദ്രമായ ഡി രൂപ ഐപിഎസിനെക്കുറിച്ച് സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഡിഐജി ഇതുവരെ സിനിമയ്‌ക്ക് സമ്മതമറിയിച്ചിട്ടില്ല.


ഡി രൂപ ഐപിഎസ്. സൂപ്പര്‍ താര പരിവേഷമാണ് കര്‍ണാടകത്തില്‍ ഈ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കിപ്പോള്‍. പ്രത്യേക അടുക്കളയും ഭക്ഷണവും വസ്‌ത്രവുമൊക്കെയായി പരപ്പന ജയിലില്‍ വിഐപിയായി കഴിഞ്ഞ വി കെ ശശികലയുടെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത് രൂപയാണ്. ജയിലില്‍ കണ്ടതെല്ലാം അതേപടി പകര്‍ത്തിയ ഒരൊറ്റ റിപ്പോര്‍ട്ടുണ്ടാക്കിയ ചലനങ്ങള്‍ ചെറുതായില്ല. ശശികലയ്‌ക്ക് എല്ലാ സൗകര്യങ്ങളും നിര്‍ത്തി. അഭിനന്ദനങ്ങള്‍ ഒരു വഴിക്ക് വന്നപ്പോള്‍ രൂപയ്‌ക്ക് സര്‍ക്കാര്‍ വക സ്ഥലംമാറ്റം വേറെ വഴിക്ക്. നടപടി അവരുടെ പ്രതിച്ഛായ കൂട്ടി. ഒരു സിനിമാക്കഥയാക്കാന്‍ പറ്റിയ വിഭവങ്ങളെല്ലാം രണ്ടാഴ്ചയ്‌ക്കിടെ ഉണ്ടായി.ഒരു ബ്ലോക്ബസ്റ്റര്‍ പ്രതീക്ഷിച്ച് ഇതെല്ലാം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് കന്നഡ സംവിധായകന്‍ എ ആര്‍ രമേഷ്.

രാജീവ് ഗാന്ധിയുടെ വധം പ്രമേയമാക്കി സയനൈഡും വീരപ്പനെക്കുറിച്ച് അട്ടഹാസവും ഒരുക്കിയ രമേഷ് രൂപയുടെ ജീവിതമാണ് പുതിയ ചിത്രത്തില്‍ പറയാനുദ്ദേശിക്കുന്നത്. പതിനേഴ് വര്‍ഷത്തെ സര്‍വീസിനിടെ ഇരുപത്തിയാറ് സ്ഥലംമാറ്റങ്ങള്‍ വാങ്ങിയ ഡിഐജിയുടെ ജീവിതം. ഉന്നത ഉദ്യോഗസ്ഥരുമായി എപ്പോളും വിട്ടുവീഴ്ചയില്ലാതെ കലഹിച്ച കഥകള്‍. പൊലീസിലെ ഉന്നതരുമായി തനിക്കുളള ബന്ധം സിനിമക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ജയിലിലെ കളളത്തരങ്ങള്‍ വെളിപ്പെടുത്തിയതോടെ രൂപ ഉയരങ്ങളിലെത്തിയെന്നും എ ആര്‍ രമേഷ് പറയുന്നു. എന്നാല്‍ സിനിമയെടുക്കാന്‍ ഡിഐജി രൂപ ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. ആദ്യഘട്ട തിരക്കഥ തയ്യാറായ ശേഷം രൂപയെ സമീപിക്കാനാണ് സംവിധായകന്‍രെ തീരുമാനം. രൂപ സമ്മതമറിയിച്ചാലും അവര്‍ക്കെതിരെ സര്‍ക്കാര്‍ നോട്ടീസ് എപ്പോള്‍ വരുമെന്നും കണ്ടറിയണം.