മാണിക്യന്‍ തിയേറ്ററുകളില്‍ ഒടിവച്ചു തുടങ്ങുന്നു, ടീസറെത്തി
മോഹന്ലാല് ചിത്രം ഒടിയന്റെ ടീസര് പുറത്തിറങ്ങി. വെള്ളിയാഴ്ച മോഹന്ലാലിന്റെ ഫേസ്ബുക്ക് പേജിലാണ് ടീസര് പുറത്തുവിട്ടിരിക്കുന്നത്. ടീസറിനൊപ്പം റിലീസിങ് ഡേറ്റു പ്രഖ്യാപിക്കുന്നുണ്ട്. ഈ വര്ഷം ഒക്ടോബര് 11നായിരിക്കും ഒടിയന് തീയറ്ററുകളില് എത്തുക ടീസറിന്റെ അവസാനം മാണിക്യന് തീയറ്ററുകളില് ഒടിവച്ചു തുടങ്ങുന്നു ഒക്ടോബര് 11, രാവിലെ 7 മണി 9 മിനുട്ട് മുതല് എന്നാണ് എഴുതി കാണിക്കുന്നത്.
പരസ്യചിത്ര സംവിധായകന് ശ്രീകുമാര് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില് മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന് ഉള്പ്പെടെയുള്ള ചിത്രങ്ങള്ക്ക് ഛായാഗ്രഹണം നിര്വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് എം.ജയചന്ദ്രന് സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര് ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്വ്വഹിക്കുന്നത്.
123 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂര്ത്തിയായതിന്റെ സന്തോഷം ഏപ്രില് അവസാനവാരം മോഹന്ലാല് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പാലക്കാട്, ഉദുമല്പ്പെട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, കാശി, വാഗമണ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വാഗമണ്ണിലാണ് ചിത്രം പാക്കപ്പായത്.
