ചിത്രീകരണം ഈ മാസം 25 മുതല്‍ ലണ്ടനില്‍
സൂര്യയുടെയും മോഹന്ലാലിന്റെയും ആരാധകര് ഒരുപോലെ പ്രതീക്ഷയര്പ്പിക്കുന്ന ഒരു പ്രോജക്ടാണ് കഴിഞ്ഞ മാസം പ്രഖ്യാപിക്കപ്പെട്ട കെ.വി.ആനന്ദ് ചിത്രം. ലൈക പ്രൊഡക്ഷന്സ് നിര്മ്മിക്കുന്ന ചിത്രത്തില് തെലുങ്കില് നിന്ന് അല്ലു സിരീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രവുമായി സഹകരിക്കുന്ന മറ്റുചില താരങ്ങളുടെ പേരും പുറത്തുവരുന്നു.
സയേഷയാണ് ചിത്രത്തില് നായികയാവുക. ഒപ്പം സമുദ്രക്കനിയും ബോളിവുഡില് നിന്ന് ബൊമാന് ഇറാനിയും ചിത്രത്തില് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമകള് തെരഞ്ഞെടുക്കുന്ന കാര്യത്തില് ഏറെ ശ്രദ്ധ പുലര്ത്തുന്ന ബൊമാന് ഇറാനിയുടെ തമിഴ് അരങ്ങേറ്റമാവും ഇത്. രാജ്കുമാര് ഹിറാനിയുടെ മുന്നാഭായി എംബിബിഎസ് ഉള്പ്പെടെയുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന് സിനിമാപ്രേമികള്ക്കും ഏറെ സുപരിചിതനാണ് അദ്ദേഹം.

അതേസമയം സിനിമയുടെ ചിത്രീകരണം ഈ മാസം 25ന് ലണ്ടനില് ആരംഭിക്കും. ഒരുമാസം നീളുന്ന ലണ്ടന് ഷെഡ്യൂളില് ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് അണിയറവൃത്തങ്ങള് വ്യക്തമാക്കുന്നത്. സൂര്യ ചിത്രത്തില് വ്യത്യസ്തമായ നാല് ഗെറ്റപ്പുകളില് എത്തുമെന്നും കേള്ക്കുന്നു. എന്നാല് ശെല്വരാഘവന് ചിത്രത്തിന്റെ ഷൂട്ടിംഗില് പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാല് മേക്കോവറുകളൊന്നും കൂടാതെയാവും കെ.വി.ആനന്ദ് ചിത്രത്തിന്റെ ലണ്ടന് ഷെഡ്യൂളില് സൂര്യ പങ്കെടുക്കുക. ശെല്വരാഘവന്റെ എന്ജികെ പൂര്ത്തിയാക്കിയ ശേഷം മൂന്ന് മേക്കോവറുകളില് അദ്ദേഹം എത്തുമെന്നാണ് വിവരം. ലണ്ടന് കൂടാതെ യുഎസ്, ബ്രസീല്, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
കെ.വി.ആനന്ദിനൊപ്പം സൂര്യയുടെ മൂന്നാമത് ചിത്രമാണിത്. ബിഗ് ബജറ്റ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് പാട്ടുകോട്ടൈ പ്രഭാകര് ആണ്. അടുത്ത വര്ഷം പ്രദര്ശനത്തിനെത്തും.
