തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ഉയര്‍ന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് ഉമ്മന്‍ചാണ്ടി എത്തുന്നതും അവിടെ ഇടപെടുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. 'ഉമ്മന്‍ചാണ്ടീ..... എന്ന് പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സൈമണ്‍ പാറയ്ക്കലാണ് സംവിധാനം ചെയ്യുന്നത്. പത്രവാര്‍ത്തയില്‍ നിന്നാണ് തനിക്ക് ഇങ്ങനൊരു ആശയമുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു.
മുഖ്യമന്ത്രിയെ 'ഉമ്മന്‍ചാണ്ടീഎന്നു വിളിച്ച രണ്ടാം ക്ലാസുകാരി ശിവാനിയില്‍ നിന്നാണ് വാര്‍ത്തയുടെ തുടക്കം. കോഴിക്കോട് നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
തന്‍റെ സഹപാഠി അമല്‍ കൃഷ്ണയ്ക്കു വീടില്ലെന്നും അവന്‍റെ മാതാപിതാക്കള്‍ രോഗികളാണെന്നും ശിവാനി അറിയിച്ചിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അപ്പോള്‍തന്നെ അമല്‍ കൃഷ്ണയ്ക്കു വീടുവയ്ക്കാന്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ വാര്‍ത്തയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് തനിക്ക് ബോധ്യപ്പെട്ട ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയെ കുറിച്ചാണ് ഈ സിനിമ എന്ന് സൈമണ്‍ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ചിത്രം തുടങ്ങുക എന്നും സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചു.
