ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക്

ദുല്‍ഖറിന്‍റെ ഒരു മലയാളചിത്രം ഈ വര്‍ഷം ഇതുവരെ തീയേറ്ററുകളില്‍ എത്തിയിട്ടില്ല. മറുഭാഷാസിനിമകളുടെ തിരക്കുകള്‍ തന്നെ കാരണം. ബിജോയ് നമ്പ്യാരുടെ സോളോയാണ് ദുല്‍ഖറിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ മലയാളചിത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു റിലീസ്. തെലുങ്കില്‍ നായകനായി അരങ്ങേറ്റം കുറിച്ച മഹാനടിയാണ് ഈ വര്‍ഷം ഇതുവരെ തീയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ ചിത്രം. ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍, ദേസിംഗ് പെരിയസാമിയുടെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്നിവയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ദുല്‍ഖര്‍ ചിത്രങ്ങള്‍. തമിഴിലും ബോളിവുഡിലുമായി ഓരോ ചിത്രങ്ങള്‍ കൂടി (വാന്‍, സോയ ഫാക്ടര്‍) ദുല്‍ഖര്‍ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്‍റെ ഒരു മലയാളചിത്രം ഈ വര്‍ഷം സംഭവിക്കുമോ എന്ന സംശയം സോഷ്യല്‍ മീഡിയ സിനിമ ഗ്രൂപ്പുകളിലൊക്കെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് വിരാമമിട്ട് പുതിയ മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. 

ബി.സി.നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ചിത്രീകരണം ആരംഭിച്ച ദുല്‍ഖര്‍ ചിത്രം. അഭിനേതാക്കള്‍ കൂടിയായ ഇരട്ട തിരക്കഥാകൃത്തുക്കള്‍ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിന്‍റെ രചന. ഉസ്‍താദ് ഹോട്ടലിലെയോ ചാര്‍ലിയിലെയോ കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ് ദുല്‍ഖറിന്‍റെ നായകനെന്നാണ് സൂചന. സാധാരണത്വമുള്ള ഒരു മലയാളി യുവാവായിരിക്കും ഇനിയും പേര് പുറത്തുവരാത്ത ആ കഥാപാത്രം. 

പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഈ മാസം മൂന്നിന് ആരംഭിച്ചു. സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍ എന്നിവര്‍ക്കും രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. എന്നാല്‍ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നാദിര്‍ഷയാണ് സംഗീതം.