'ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു കാലയുടെ ചിത്രീകരണത്തിനിടെ എന്‍റെ പ്രധാന ശ്രദ്ധ'
കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനീകാന്തും ഒന്നിച്ച കാല മികച്ച പ്രേക്ഷകാഭിപ്രായത്തോടെ പ്രദര്ശനം തുടരുകയാണ്. ഒരു രജനീകാന്ത് ചിത്രം എന്നതിനേക്കാള് പ്രേക്ഷകര് സംവിധായകന്റെ സാന്നിധ്യം തിരിച്ചറിയുന്നുവെന്നാണ് സോഷ്യല് മീഡിയയിലടക്കമുള്ള പ്രതികരണങ്ങള് സൂചിപ്പിക്കുന്നത്. കനപ്പെട്ട രാഷ്ട്രീയം ജനപ്രിയ സിനിമാരൂപത്തില് അണിയിച്ചൊരുക്കിയതിന് സംവിധായകനുള്ള പ്രശംസയും പ്രേക്ഷകപ്രതികരണങ്ങളിലുണ്ട്. എന്നാല് രജനീകാന്തിനെപ്പോലെ ഇത്രയും ആരാധകബാഹുല്യമുള്ള ഒരു താരത്തെവച്ച് ഗൗരവമുള്ള ഒരു വിഷയം പറയുന്നതിലെ വെല്ലുവിളി എന്താണ്? രജനിയുടെ താരമൂല്യം ഒരു ഭാരമാണോ? ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് നല്കിയ എക്സ്ക്ലൂസീവ് അഭിമുഖത്തില് സംവിധായകന് പാ.രഞ്ജിത്ത് മറുപടി പറയുന്നു.
"കൊമേഴ്സ്യല് സിനിമയുടെ ഫോര്മാറ്റ് എന്താണെന്ന് എനിക്കറിയാം. അതിന് പുറത്തുള്ള സിനിമ എന്താണെന്നും അറിയാം. നിങ്ങള് ചോദിച്ചത് ശരിയാണ്. രജനീകാന്തിനെപ്പോലെ ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യുമ്പോള് നമ്മള് ഒരുക്കിയെടുക്കുന്ന സിനിമ അദ്ദേഹത്തിന്റെ ആരാധകര് എങ്ങനെയെടുക്കുമെന്ന ചോദ്യം പ്രസക്തമാണ്. അവര്ക്ക് എതിര്പ്പുണ്ടാകുന്ന തരത്തില് കഥ പറയാതിരിക്കാനുള്ള ഒരു ശ്രമമുണ്ടാകും. പക്ഷേ ആരാധകരെ പലപ്പോഴും നമ്മള് തെറ്റിദ്ധരിക്കുന്നുണ്ട്. തങ്ങളുടെ നായകനെ എപ്പോഴും സ്റ്റീരിയോടൈപ്പ് വേഷങ്ങളില് കാണാനല്ല അവരുടെ ആഗ്രഹം. പുതിയ റോളുകളില് തങ്ങളുടെ പ്രിയതാരം പ്രത്യക്ഷപ്പെട്ടാലും അവര് സ്വീകരിക്കും. രജനിയെപ്പോലെ ഒരു ലാര്ജര് ദാന് ലൈഫ് താരം വന്നാല്ക്കൂടി പറയാനുള്ള രാഷ്ട്രീയം പറയണമെന്നാണ് എന്റെ നിലപാട്. ഒരേയൊരു കാര്യം മാത്രമേ ഞാന് കാലയുടെ കാര്യത്തില് ശ്രദ്ധിച്ചുള്ളൂ. അത് സിനിമ കാണുന്ന പ്രേക്ഷകര് അതില് മുഴുകണം എന്നതായിരുന്നു അത്. പ്രേക്ഷകര് തുടക്കം മുതല് സിനിമയില് മുഴുകിയാല് പറയാനുള്ള കാര്യങ്ങള് എളുപ്പത്തില് പറയാനാവും. അതിനാല് താരങ്ങളുടെ പ്രകടനങ്ങളില് ഞാന് ഏറെ ശ്രദ്ധ പുലര്ത്തിയിരുന്നു. രജനി സാറിന്റെ മാത്രമല്ല, കാലയുടെ ഭാര്യയായി വന്ന ഈശ്വരി റാവു, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്, സമുദ്രക്കനി, നാനാ പടേക്കര് ഇവരുടെയെല്ലാം പാത്രരൂപീകരണം കഴിയാവുന്നിടത്തോളം കൗതുകകരമാക്കി. ആ കഥാപാത്രങ്ങള് പ്രേക്ഷകരുമായി എളുപ്പത്തില് വിനിമയം നടത്തണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. സിനിമ കണ്ട് തീയേറ്റര് വിടുന്നവരുടെ മനസ്സില് ഈ കഥാപാത്രങ്ങളെല്ലാം മായാതെ നില്ക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.." പാ.രഞ്ജിത്ത് പറയുന്നു.
കാല എന്ന് വിളിപ്പേരുള്ള കരികാലന് എന്ന അധോലോക നേതാവാണ് ചിത്രത്തില് രജനീകാന്ത്. പ്രതിനായക വേഷത്തിലെത്തുന്നത് നാനാ പടേക്കര് ആണ്. ഇന്ത്യയൊട്ടാകെ രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് ചിത്രം വ്യാഴാഴ്ച പ്രദര്ശനത്തിനെത്തിയത്. പാ.രഞ്ജിത്തുമായുള്ളഇന്റര്വ്യൂവിന്റെ പൂര്ണ വീഡിയോ രൂപം താഴെ കാണാം..
