സിനിമയില്‍ ആണ്‍ കഥാപാത്രങ്ങള്‍ മാറിയിട്ടുണ്ടെന്ന് നടി പദ്മപ്രിയ. എന്നാല്‍ സ്ത്രീകഥാപാത്രത്തെ മുന്‍നിര്‍ത്തി എങ്ങനെ സിനിമ എടുക്കണമെന്ന് അറിയില്ലെന്ന് പുതിയ സംവിധായകര്‍ പോലും പറയുന്നത് കേട്ടിട്ടുണ്ടെന്ന് നടി പദ്മപ്രിയ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിര്‍ഭാഗ്യമല്ലാതെ എന്തുപറയാന്‍ എന്നാണ് പദ്മപ്രിയ പ്രതികരിച്ചത്. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത്- പദ്മപ്രിയ പറയുന്നു. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു.- പദ്മപ്രിയ പറയുന്നു.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള പദ്മപ്രിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ? ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിംഗ് കൗച്ച്? കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നുള്ളത് സത്യമാണ്- പദ്മപ്രിയ പറയുന്നു. കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിംഗ് കൗച്ച് അല്ലേ?- പദ്മപ്രിയ ചോദിക്കുന്നു.

മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‍നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല- പദ്മപ്രിയ പറയുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ? പദ്മപ്രിയ പറയുന്നു. അവയ്‍ലബിള്‍ ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണം ഉണ്ടെന്നായിരുന്നു. ഉണ്ട്. പക്ഷേ സിനിമയില്‍ നിന്നല്ല. അയാള്‍ എന്റെ ഒരു സുഹൃത്താണ്. ഒരു വൈകുന്നേരം മുറിയില്‍ വന്നു. ഞാന്‍ അല്‍പചീനോയുടെ സിനിമ കാണുന്നു. ജയിലില്‍നിന്നു വരുന്ന കാമുകന്‍ അയാളുടെ പഴയ ഗേള്‍ഫ്രണ്ടിനെ കാണുന്ന ഒരു സീന്‍. അവള്‍ ഒരു സ്ട്രിപ്റ്റീസ് ഷോ ചെയ്യുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, നോക്കൂ എന്തു മനോഹരമായാണ് ആ സ്ട്രിപ്റ്റീസ് കഥാപാത്രത്തെ പ്രൊജക്റ്റ് ചെയ്‍തിരിക്കുന്നത്. എന്റെ ആ കമന്റ്, അത് അയാള്‍ ഒരു ക്ഷണമായി എടുത്തു. ഞാന്‍ പറഞ്ഞു. അയ്യോ, ചേട്ടാ, എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു നടിയാണ്, സിനിമയിലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഞാന്‍ നിന്റെ കൂടെ കിടക്ക പങ്കിട്ടോട്ടെ എന്നു ചോദിക്കാനുള്ള അവകാശമുണ്ടോ, ഇല്ല- പദ്മപ്രിയ പറയുന്നു.

Courtesy- Grihalakshmi