കേരളത്തിലെ യുവ നടിക്ക് സംഭവിച്ച പോലുള്ള അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് പത്മപ്രിയ. എന്നാല്‍ പരാതി നല്‍കിയിട്ടും ഇത് ആരും പരിഗണിച്ചില്ല, എല്ലാ സംഘടനകള്‍ക്കും മൗനമായിരുന്നു അന്ന്. പത്മപ്രിയയ്ക്കായി സിനിമ സെറ്റില്‍ അനുവദിക്കപ്പെട്ട ഡ്രൈവറില്‍ നിന്നാണ് ആ നടിക്ക് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ നടിയെ കടന്ന് പിടിക്കുകയായിരുന്നു.

തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് നടി സംവിധായകനോട് പരാതിപ്പെട്ടു. എന്നാല്‍ സംവിധായകന്‍ നടിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിന് പകരം പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. തന്‍റെ സിനിമയില്‍ അഭിനയിക്കുന്ന നടിയുടെ സുരക്ഷിതത്വത്തേക്കള്‍ അവര്‍ മുന്‍ഗണന നല്‍കിയതെ പ്രശ്‌നങ്ങള്‍ വഷളാക്കാതെ തന്‍റെ സിനിമ പൂര്‍ത്തീകരിക്കാനായിരുന്നു അദ്ദേഹം ചെയ്തതെന്ന് പത്മപ്രിയ പറയുന്നു. 

സിനിമയെ പ്രതികൂലമായി ബാധിക്കരുതെന്ന് കരുതി നടി സംവിധായകന്‍റെ നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍ അതിലെ ഏറ്റവും ഖേദകരമായ വസ്തുത തുടര്‍ന്നുളള ദിവസങ്ങളിലും ആ നടിയുള്ള വാഹനം ഓടിച്ചത് ഇതേ ഡ്രൈവര്‍ തന്നെയായിരുന്നുവെന്നതാണെന്നും പത്മപ്രിയ വെളിപ്പെടുത്തുന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ മൗനങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിലെ അവസ്ഥയല്ല മറ്റ് ഭാഷകളിലെന്ന് പത്മപ്രിയ പറയുന്നു. അടുത്തിടെ പത്മപ്രിയ അഭിനയിച്ച സെയ്ഫ് അലി ഖാന്‍ ചിത്രം 'ഷെഫിലെ' അനുഭവങ്ങള്‍ സൂചിപ്പിച്ചാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യമുള്ള സെറ്റായിരുന്നു അത്. എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു.

 സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലെറ്റ്, വാഷ്‌റൂം, ഡ്രസിംഗ് റൂം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും പത്മപ്രിയ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ ഫിലിംബീറ്റ്സാണ് പത്മപ്രിയയുടെ അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.