തലമുടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ നേരിട്ട ദുരിതം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് പ്രശസ്ത സിനിമാരവും എഴുത്തുകാരനുമായ സയീദ് സാജിദ് ഹസന്‍. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തലയില്‍ അണുബാധ ഉണ്ടായെന്നും എന്നാല്‍ അത് മാറ്റാനാവശ്യമായ ചികിത്സകള്‍ നടത്താന് തന്റെ ഡോക്ടര്‍ തയാറായില്ലെന്നും ഹസന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

 ഒന്‍പത് വര്‍ഷം മുന്‍പാണ് തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടര്‍ മുടിമാറ്റിവയ്ക്കല്‍ ചെയ്യട്ടെ എന്ന് തന്നോട് ചോദിച്ചത്. ഇതിന് വേണ്ടി ഡോക്ടര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. അന്ന് താല്‍പര്യമുണ്ടായിരുന്നില്ല. രണ്ട് മാസം മുന്‍പ് ശസ്ത്രക്രിയ ചെയ്യാന്‍ തയാറാണെന്ന് ഡോക്ടറെ അറിയിച്ചു. ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് യാതൊരു വിധത്തിലുള്ള മെഡിക്കല്‍ പരിശോധനകളും ഡോക്ടര്‍ നടത്തിയിരുന്നില്ല.

ശസ്ത്രക്രിയയുടെ ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ തലയില്‍ ഗുരുതരമായ അണുബാധ ഉണ്ടായി. ഇതുമൂലം കടുത്ത പനി കാരണം 10 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഇത് സ്വഭാവികമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. അണുബാധയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പകരം ഉപ്പുവെള്‌ലം കൊണ്ട് കഴുകുക മാത്രമാണ് ചെയ്തതെന്ന് ഹസന്‍ വീഡിയോയില്‍ പറയുന്നു.

ഇത് മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. തലമുടി മാറ്റിവയ്ക്കുന്നവര്‍ നല്ല ഡോക്ടറെ തന്നെ സമീപിക്കണം. തെറ്റായ ഡോക്ടറെ തിരഞ്ഞെടുത്താല്‍ പിന്നീടുള്ള അവസ്ഥ ഇതായിരിക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്.