പത്മരാജൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെരുവഴിയമ്പലം. മലയാളത്തിന്റെ സിനിമാക്കാഴ്‍ചകള്‍ക്ക് പുതിയൊരു മുഖം നല്‍കിയ പെരുവഴിയമ്പലത്തിന് 40 വയസ് തികയുന്നു. പുതിയ കാലത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന കഥാപരിസരമാണ് പത്മരാജൻ 40 വര്‍ഷം മുമ്പ് ഒരുക്കിയെടുത്തത്. പെരുവഴിയമ്പലത്തെ കുറിച്ച് ഗായത്രി ദേവി എഴുതുന്ന ആസ്വാദനം.

                        സ്ഥലത്തെ പ്രധാന റൗഡിയെ കുത്തി കൊലപ്പെടുത്തിയ ചെറുക്കൻ തനിക്കു ദാനം കിട്ടിയ സ്വാതന്ത്ര്യം സഹിക്കാൻ വയ്യാതെ നിന്ന് വട്ടം കറങ്ങുന്നു.


1979-ഇൽ പത്മരാജൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് പെരുവഴിയമ്പലം. പാട്ടുകളില്ലാത്ത, കോമഡി ഇല്ലാത്ത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി അവാർഡുകൾ ലഭിച്ച ഈ സിനിമയിൽ, ഒരു ആഭാസന്റെ കൊലപാതകത്തിന്റെ കഥയിലൂടെ മാനുഷികതയുടെ ചില അടിസ്ഥാന മൂല്യങ്ങളെയാണ് പത്മരാജൻ ചോദ്യം ചെയ്തിരിക്കുന്നത്. വാണിയൻ കുഞ്ചുവിന്റെ പതിനേഴു വയസ്സായ മകൻ രാമൻ, പ്രഭാകരൻ പിള്ള എന്ന കവല ചട്ടമ്പിയെ കുത്തിക്കൊല്ലുന്നു. രാമനെ പിടിച്ചു പൊലീസിൽ കൊടുക്കുന്നതിനു പകരം നാട്ടുകാർ,-- പ്രഭാകരൻ പിള്ളയുടെ ഭാര്യയുൾപ്പടെ -- രാമനെ കൊലക്കുറ്റത്തിൽ നിന്ന് രക്ഷിക്കാൻ തയ്യാറാകുന്നു. ഈ പ്രമേയത്തിലൂടെ ആധുനികതയുടെ യാതൊരും മോടിയും കാണിക്കാതെ, എന്നാൽ ആധുനികതയുടെ മുഖമുദ്ര എന്നുതന്നെ പറയാവുന്ന ഒരു തത്വശാസ്ത്രത്തിന്റെ, -- അസ്തിത്വവാദത്തിന്റെ, അടിസ്ഥാനപരമായ വിശ്വാസങ്ങളെയാണ് പത്മരാജൻ പെരുവഴിയമ്പലത്തിലൂടെ വിശകലനം ചെയ്യുന്നത് .

തികച്ചും നാടൻ കഥാശൈലിയിൽ പറയുന്ന പെരുവഴിയമ്പലത്തിലെ രാമന്റെ കഥ അത്തരമൊരു അസ്വസ്ഥതയുടെയും, അപരിചിതത്വത്തിന്റെയും, അന്യഥാത്വത്തിന്റെയും കഥയാണ്. മനുഷ്യ ജീവിതത്തിന് അർത്ഥവും ഉന്നവും ഉദ്ദേശ്യവും ഉണ്ടോ? നമ്മളിവിടെ ഈ ഭൂമിയിൽ എന്തിനാണ് ജനിച്ചിരിക്കുന്നത്? എന്താണ് വാസ്തവത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം? മനുഷ്യൻ എപ്പോഴാണ് പൂർണമായും സ്വതന്ത്രനാകുന്നത് ? എന്താണ് ശരി? എന്താണ് തെറ്റ്? തെറ്റും ശരിയും ആരാണ് നിശ്ചയിക്കുന്നത്? വ്യക്തിയാണോ സമൂഹമാണോ?വ്യക്തിയും സമൂഹവും തമ്മിൽ എന്താണ് ബന്ധം? രാമന്റെ ജീവിതത്തിന് വിലയുണ്ടോ? പ്രഭാകരൻ പിള്ള എന്ന "ജനശത്രു"വിന്റെ ജീവിതത്തിന് വിലയുണ്ടോ?

സിനിമയുടെ തുടക്കംതന്നെ ഉൾകിടിലത്തോട് കൂടി നിൽക്കുന്ന ഗ്രാമനിവാസികളുടെ ഇടയിലൂടെ, റോഡും തോടും വയലും വേലിയും കവച്ചു കടന്നു മുൻപോട്ടു നടക്കുന്ന പ്രഭാകരൻ പിള്ളയെ കാണിച്ചുകൊണ്ടാണ്. ബലാത്സംഗ കേസിൽ മൂന്ന് മാസം ജയിലിൽ കിടന്നിട്ടു വരുകയാണ് പ്രഭാകരൻ പിള്ള. പ്രഭാകരൻ പിള്ള, താൻ ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിൽ പോയി അവരെയെല്ലാം ഭീഷണിപ്പെടുത്തുന്നു. 'പിഴച്ച' മനുഷ്യ മനസ്സുകളും 'പിഴച്ച' ചിന്തകളും 'പിഴച്ച' വാക്കുകളും പ്രമേയമാക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത എഴുത്തുകാരനാണ് പത്മരാജൻ. "അന്ന് ഞാനാരെയും അറിയിക്കാതെ ചെയ്തത് ഇപ്പൊ ഈ നാട്ടുകാരുടെയും നിന്റെയും മുമ്പേ വെച്ച് ചെയ്യട്ടോ"? അന്ധാളിച്ചു, പേടിച്ചുവിറച്ചു വെട്ടുകത്തിയും പിടിച്ചുനിൽക്കുന്ന ഗൃഹനാഥനോടു പ്രഭാകരൻ പിള്ള ചോദിക്കുന്നു.

അവിടുന്ന് നേരെ പ്രഭാകരൻ പിള്ള തനിക്കെതിരെ പൊലീസിനോട് സാക്ഷി പറഞ്ഞവനെ തപ്പി പോകുന്നു. സാക്ഷി പറഞ്ഞവനെ അവന്റെ സ്വന്തം വള്ളത്തിൽ വെച്ച് ഒറ്റ ചവിട്ടിനു അടിച്ചു വീഴ്ത്തിയിട്ടു അവന്റെ പുറത്തൊരു തുപ്പും തുപ്പി പ്രഭാകരൻ പിള്ള സ്വന്തം കുട്ടികള്‍ക്ക് ബിസ്ക്കറ്റും വാങ്ങിച്ചു വീട്ടിൽ പോകുന്നു. കേരള പോലീസിൽ ഉദ്യോഗസ്ഥനായിരുന്ന കെപിഎസി അസീസിന്റെ മറക്കാനാകാത്ത വേഷമാണ് പ്രഭാകരൻ പിള്ള.

പെരുവഴിയമ്പലത്തിന്ടെ ഈ ആദ്യത്തെ പത്തോളം മിനിറ്റുകളും അവയിലെ സംഭവ പരമ്പരയും വളരെ അർത്ഥപൂർണ്ണമാണ്. കഥയിലെ പ്രധാന കഥാപാത്രമായ രാമനെ നമ്മൾ കാണുന്നതേ ഇല്ല. പ്രഭാകരൻ പിള്ളയും നാട്ടുകാരും ആണ് പ്രധാന കഥാപാത്രങ്ങൾ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരണത്തിൽ, നാട്ടുകാർ തിരിച്ചറിയാൻ കഴിയാത്ത ഒരു ഇരുണ്ട ആൾകൂട്ടമായി പുറകെയും തെളിഞ്ഞ വെളുത്ത ഒരു അമാനുഷനെ പോലെ, ഒരു കാഴ്ചവസ്തു പോലെ പ്രഭാകരൻ പിള്ള മുന്നേയും നടക്കുന്നു. പൊതുജനം ആരെ വേണമെങ്കിലും പിന്തുടരും. തികഞ്ഞ അധമന്മാരെ പോലും.

സ്വന്തം തടി സൂക്ഷിക്കാൻ മാത്രം ശ്രമിക്കുന്ന കുറച്ചു നാട്ടുകാരുടെ സംരക്ഷണമാണ്  രാമന് ലഭിക്കുന്നത്. അച്ഛന്റെ മരണശേഷം സഹോദരിമാരെ നോക്കി വളർത്തേണ്ട ചുമതല ഏറ്റെടുത്ത രാമൻ പ്രത്യേകിച്ച് "ആണത്തം" കാണിക്കാൻ അറിഞ്ഞുകൂടാത്ത പയ്യനാണ്. "ആണുങ്ങളെ ആക്ഷേപിക്കാൻ നടക്കുന്ന അലവലാതി" എന്നാണല്ലോ പ്രഭാകരൻ പിള്ള താൻ ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ അച്ഛനെയും വിളിക്കുന്നത്. രാമനെന്ന വാണിയച്ചെറുക്കന്റെ മെലിഞ്ഞു നീണ്ട ശരീരവും എല്ലു പൊന്തി നിൽക്കുന്ന കഴുത്തും തോളും പുറവും കൈയും കാലും പറ്റെ വെട്ടിയ മുടിയും വിടർന്ന കണ്ണുകളും ലക്ഷണമൊത്ത മുക്കും പൊടിമീശയും ഒക്കെ പ്രഭാകരൻ പിള്ളയുടെ മയമില്ലാത്ത ദുഷ്കരമായ "ആണത്ത"ത്തിൽ നിന്നുമുള്ള പ്രത്യക്ഷമായ ദൂരം നമുക്ക് കാട്ടിത്തരുന്നു.


രാമനെന്ന കഥാപാത്രത്തിന്റെ ഉള്ളിലുള്ള ഈ കുഴമറിച്ചിലുകള്‍ -- എങ്ങനെയാണ് അച്ഛനും അമ്മയുമില്ലാത്ത രണ്ടു സഹോദരിമാരുടെ രക്ഷകനാവുക? -- നാട്ടുകാരുടെയും പ്രഭാകരൻ പിള്ളയുടെയും മുൻപിൽ എങ്ങനെയാണു ആണത്തം കാണിക്കുക? -- രാമനെന്ന കഥാപാത്രത്തിന്റെ സൗമ്യതയും സങ്കീർണ്ണതയും പ്രേക്ഷകരുടെ മനസ്സിൽ ആഞ്ഞു തറയ്‌ക്കുന്നത് പോലെയുള്ള അഭിനയമാണ് അന്നത്തെ പുതുമുഖവും പിന്നത്തെ താരവുമായ അശോകൻ കാഴ്ചവെച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി രാമന്റെ വീട്ടുമുറ്റത്തു വന്നുനിന്ന് രാമന്റെ സഹോദരിമാരോട് വിശേഷം ചോദിക്കുന്ന പ്രഭാകരൻ പിള്ളയോട് പോകാൻ പറയുമ്പോൾ നാട്ടുകാർ രാമനെയാണ് വഴക്കു പറഞ്ഞു പിടിച്ചു മാറ്റുന്നത്. പ്രഭാകരൻ പിള്ളയെ ഒന്നും ചെയ്യാൻ പറ്റാത്ത രാമൻ തന്റെ "ആണത്തം" കാണിക്കുന്നത് സഹോദരിമാരെ പിടിച്ചു പൊതിരെ തല്ലിയിട്ടാണ്. പിന്നീട് വളരെ ശാന്തഹൃദയനായി രണ്ടു പേരെയും അമ്പലത്തിൽ ഉത്സവത്തിന് കൊണ്ടുപോകുന്നു.


ഒളിവിൽ താമസിക്കുന്ന രാമന്റെ ജീവിതത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങൾ വന്നുചേരുന്നുണ്ട്. ചായക്കട നടത്തുന്ന വിശ്വംഭരനും കുന്നിന്റെ മുകളിൽ താമസിക്കുന്ന ദേവയാനിയും. ദേവയാനിയുടെ വീട്ടിലാണ് രാമനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ദേവയാനിക്ക് ഇപ്പോൾ വിശ്വംഭരനും പിന്നെ ഒരു വൈദ്യരും -- മാത്രമേ വിരുന്നുകാരായി ഉള്ളൂ. ആർദ്രത മറന്ന ആണത്തത്തിന്റെ ലോകത്തിൽ, ആണ് ആണിനെ പേടിപ്പിച്ചും പേടിച്ചും കഴിയുന്ന സമൂഹത്തിൽ, മാതൃത്വത്തിന്റെ കേവലമായ വാത്സല്യം രാമനോട് കാണിക്കുന്നത് സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ട ദേവയാനിയാണ്. ഒട്ടേറെ മറക്കാനാകാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച കെപിഎസി ലളിതയും ഗോപിയും ദേവയാനിയെയും വിശ്വംഭരനെയും എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും, 70- കളിൽ ഈ സിനിമ കണ്ടവർക്കിപ്പോഴും വിശ്വംഭരൻ രാമനോട് ചോദിച്ച ചോദ്യം ഓര്‍മ്മയുണ്ടാകും: "എത്ര കുത്തു കുത്തി"?


എന്നാൽ ഒളിച്ചു പാർപ്പിച്ചതിനു പൊലീസു പിടിച്ചാലോ എന്ന് പേടിച്ചു വിശ്വംഭരനും വൈദ്യരും രാമനോട്,  "ദേവയാനിയെ സൂക്ഷിച്ചോളണം, അവളോട് സത്യമൊന്നും പറയരുത് " എന്നും മറ്റും പറയുന്ന രംഗങ്ങൾ പെരുവഴിയമ്പലത്തിലെ കഥാപാത്രങ്ങളെ രണ്ടു ചേരിയായി വേർതിരിക്കുന്നു. വിശ്വംഭരൻ, വൈദ്യർ, തുടങ്ങി നാട്ടിലെ ആൾക്കൂട്ടവും ഒക്കെ ആദ്യം പ്രഭാകരൻ പിള്ളയെയും പിന്നെ പൊലീസിനെയും ഭയക്കുന്നവരാണ്. ദേവയാനിക്കാകട്ടെ രാമന്റെ സുരക്ഷ ഓർത്തു അവനോടു ഒരമ്മയുടെ സ്നേഹത്തിൽ കുതിർന്ന പേടിയാണ്.


ആഭാസത്തരം കൊണ്ട് മനുഷ്യരെ പീഡിപ്പിച്ചു കഴിഞ്ഞ പ്രഭാകരൻ പിള്ള. എങ്ങനെയോ ഉരുത്തിരിഞ്ഞ നീതിന്യായങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് ആൾക്കൂട്ടത്തെ പേടിപ്പിക്കുന്ന പൊലീസുകാർ. ഇവരെ നമ്മൾ കാണുന്നില്ലെങ്കിലും പൊലീസിന് സാധാരണ മനുഷ്യരെ പേടിപ്പിക്കാനുള്ള കഴിവ് ആൾക്കൂട്ടത്തിന്റെ വർത്തമാനത്തിൽ നിന്ന് നമുക്ക് മനസ്സിലാകും. പ്രഭാകരൻ പിള്ളയുടെ അതിക്രമങ്ങൾ ആ നാട്ടിൽ ആർക്കു വേണമെങ്കിലും തടയാവുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ ആരുമത് ചെയ്തില്ല. പ്രഭാകരൻ പിള്ളയുടെ മരണം അവർക്കു വലിയൊരു സഹായമായി തീരുന്നു. എന്നാൽ കൊല ചെയ്ത രാമൻ അവർക്കൊരു ഭാരമാണ് താനും. അസ്തിത്വ വാദത്തിൽ "bad faith" എന്ന് പറയുന്ന പ്രതിഭാസം ഓര്‍മ്മിപ്പിക്കുന്നവണ്ണമാണ് പത്മരാജൻ ആൾക്കൂട്ടത്തിന്റെ ഈ സ്വഭാവം ചിത്രത്തിൽ എടുത്തു കാണിച്ചിരിക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ കള്ളം പറഞ്ഞു ജീവിക്കുന്ന ആ സമൂഹത്തിന് --രാമൻ അവർക്കു കൊലപാതകിയോ രക്ഷകനോ?-- അക്കൂട്ടര്‍ക്ക് രാമന് വേണ്ടി ഒന്നും തന്നെ ചെയ്യാൻ കഴിവില്ല.

പത്മരാജന്റെ രാമൻ ഈ രണ്ടു കൂട്ടരിൽ നിന്നും വ്യത്യാസമുള്ള ഒരു കഥാപാത്രമാണ്. നാട്ടുകാർ ദാനം നൽകിയ സ്വാതന്ത്ര്യം തള്ളിക്കളഞ്ഞു സ്വന്തം ജീവിത്തിന്റെ അസ്തിത്വത്തിന്റെ സത്യം കണ്ടുപിടിക്കാൻ സ്വയം തീരുമാനം എടുക്കുന്ന കഥാപാത്രമാണ് രാമൻ. ഒളിവിൽ നിന്ന് രാമൻ തിരികെ വരുന്നതും ഈ നിശ്ചയത്തോടു കൂടിയാണ്.

രാമന്റെ തിരിച്ചു വരവ് ഏകദേശം പ്രഭാകരൻ പിള്ളയുടെ തിരിച്ചുവരവ് പോലെ തന്നെയാണ് പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നത്. നാട്ടുകാർ ഇത്തവണ ഭയഭക്തി ബഹുമാനങ്ങളോടെ രാമനെ സ്വീകരിക്കുന്നു. പക്ഷെ രാമന് വേഗം അവിടുന്ന് പോകണം, പൊലീസ് അറിയുന്നതിന് മുൻപ്. ഭാര്യ പോലും പ്രഭാകരൻ പിള്ളയെ വെറുത്തിരുന്നു. അവരും രാമനോട് പറയുന്നു, അവിടം വിട്ടുപോകുവാൻ.

പക്ഷെ പ്രഭാകരൻ പിള്ളയുടെ കുഞ്ഞുങ്ങൾ മാത്രമാണ് ആ "ജനശത്രു"വിനെ സ്നേഹിച്ചിരുന്നത്. രാമൻ തന്റെ അസ്തിത്വത്തിന്റെ സ്വാതന്ത്ര്യം, തന്റെ ജീവിതത്തിന്റെ വില, സ്വയം മനസ്സിലാക്കുന്നത് പ്രഭാകരൻ പിള്ളയുടെ മക്കളെ കാണുമ്പോൾ മാത്രമാണ്. അഴിയിട്ട ജനാലയുടെ അപ്പുറവും ഇപ്പുറവും നിന്ന് രാമൻ അവരെയും അവർ രാമനെയും നോക്കുന്നു. രാമന്റെ പിന്നിൽ പേരില്ലാത്ത മുഖമില്ലാത്ത ആൾക്കൂട്ടം. ആരുടെയും സഹായമില്ലാതെ ഒരൊറ്റ തീരുമാനമേ രാമൻ എടുക്കേണ്ടതായിട്ടുള്ളു: കൊലക്കുറ്റം ഏറ്റെടുത്തു ശിക്ഷ അനുഭവിക്കുക. രാമന്റെ ജീവിതത്തിന് വില ഉണ്ടാകുന്നത് ഈ ഒരു തീരുമാനത്തിലൂടെ മാത്രമാണ്.


പെരുവഴിയമ്പലത്തിൽ ആദ്യാവസാനം നമ്മൾ കാണുന്നത് എവിടുന്നോ എങ്ങനെയോ ഉരുത്തിരിഞ്ഞുണ്ടാകുന്ന സാഹചര്യങ്ങളോട് ഒത്തുചേർന്ന് പോകുന്ന ഒരു തളർന്ന സമൂഹത്തെയാണ്. ഒരു കൊലപാതകത്തിനോട് തികച്ചും നിസ്സംഗതയോടെ പ്രതികരിക്കുന്ന ഒരു ആൾക്കൂട്ടത്തിനെയാണ്. ഈ അടിച്ചമർത്തപ്പെട്ട അടിമകളുടെ ആൾക്കൂട്ടത്തിനിടയിൽ രാമൻ എന്ന പതിനേഴു വയസ്സുകാരൻ സ്വന്തം അസ്തിത്വവും അതിന്റെ സ്വാതന്ത്ര്യവും തിരിച്ചറിയുന്നത് തന്റെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം പൂർണമായി സ്വീകരിക്കുമ്പോൾ മാത്രമാണ്. രാമന്റെ ജീവിതത്തിന് വില കിട്ടുന്നതും ഈ തീരുമാനത്തിൽ നിന്നുമാണ്. രാമന്റെ തീരുമാനം പ്രഭാകരൻ പിള്ളയുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിന് ഒരുപക്ഷെ ഒരു അടിത്തറ ഉറപ്പിച്ചു കൊടുക്കും.


ഈ ലോകം ഒരു വലിയ വഴിയമ്പലമാണ്: പെരുവഴിയമ്പലം. അവിടെ ആൾക്കൂട്ടം വന്നുംപോയുമിരിക്കുന്നു. അങ്ങനെയുള്ള ഈ ക്ഷയിച്ച ലോകത്തിൽ, ഒരു മനുഷ്യന്റെ കൊലപാതകത്തെ വിരക്തിയോടെ കാണുന്ന ലോകത്തിൽ, കൊലപാതകിയെ "ഹീറോ" ആക്കുന്ന ആൾക്കൂട്ടത്തിൽ, മനുഷ്യനെ മനുഷ്യനോട് ഘടിപ്പിക്കുന്ന കണ്ണികൾ സ്വന്തം വ്യക്തിത്വത്തിന്റെ ഇഴകളിൽ നിന്നും രാമൻ എന്ന കൊലപാതകി മെനഞ്ഞു കൂട്ടുമ്പോൾ അത് ഒരു ധാർമികപ്രസ്താവനയായിട്ടു മാത്രമേ നമുക്ക് കാണാൻ പറ്റൂ. വഴിയമ്പലത്തിൽ കണ്ടുമുട്ടുന്ന ചിലരുടെ കഥകൾ നമ്മളെപ്പോഴും ഓർക്കുന്നത് പോലെ.