തമിഴ് സിനിമകളുടെ ഏറ്റവും പ്രധാന സീസണായ പൊങ്കലിന് രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത് അപൂര്‍വ്വമാണ്. പക്ഷേ ഇക്കഴിഞ്ഞ പൊങ്കലിന് അങ്ങനെ സംഭവിച്ചു. രജനീകാന്ത് നായകനായ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയും ശിവയുടെ സംവിധാനത്തില്‍ അജിത്ത് നായകനായ വിശ്വാസവും. പൊങ്കലിന് രണ്ട് പ്രധാന ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നതില്‍ തീയേറ്റര്‍ ഉടമകള്‍ക്കിടയിലും സിനിമാമേഖലയില്‍ പൊതുവിലും രണ്ടപ്രിയായമുണ്ടായിരുന്നു. ഒരുമിച്ചുള്ള റിലീസ് രണ്ട് സിനിമകളുടെയും കളക്ഷനെ ബാധിക്കുമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്ന് മറുഭാഗവും വാദിച്ചു. ജനുവരി 10ന് തീയേറ്ററുകളിലെത്തിയ പേട്ടയും വിശ്വാസവും ഒരു മാസം പിന്നിടുന്നു. ഒരുമിച്ചുള്ള റിലീസ് ഈ ചിത്രങ്ങളുടെ കളക്ഷനെ ബാധിച്ചോ? എന്താണ് ബോക്‌സ്ഓഫീസിലെ വിവരം?

പൊങ്കലിന് സോളോ റിലീസ് ഒഴിവാക്കിയതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ലെന്നാണ് കോളിവുഡിന്റെ ഇത്തവണത്തെ അനുഭവം. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച ഗ്രോസ് ആണ് ഒറു മാസം പിന്നിടുമ്പോഴും ബോക്‌സ്ഓഫീസില്‍ രേഖപ്പെടുത്തുന്നത്. രണ്ട് ചിത്രങ്ങളും ചേര്‍ന്ന് 235 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നുമാത്രം ഇതുവരെ നേടിയത്. തമിഴ്‌നാട്ടിലെ കളക്ഷനില്‍ വിശ്വാസമാണ് മുന്നില്‍. 125.5 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. രജനിയുടെ പേട്ടയുടെ ഒരു മാസത്തെ കളക്ഷന്‍ 109.5 കോടിയും.