കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. സുനില്‍കുമാറിനെ മുന്‍പരിചയമില്ലെന്നും നടിയെ ആക്രമിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമുളള കാവ്യയുടെ മൊഴിയില്‍ വ്യക്തത വരുത്താനാണിത്. കാവ്യയുടെ അമ്മ ശ്യാമളയുടെയും മൊഴിയെടുത്തിട്ടുണ്ട്.
ആലുവയിലെ വീട്ടില്‍ നടന്ന ചോദ്യം ചെയ്യലില്‍ ചില പ്രധാന കാര്യങ്ങളിലാണ് കാവ്യാമാധവനില്‍ നിന്ന് ഉത്തരം തേടിയത്. മുഖ്യപ്രതി സുനില്‍കുമാറിനെ മുന്‍ പരിചയമുണ്ടോ, ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യില്‍ വന്നിട്ടുണ്ടോ, മെമ്മറി കാര്‍ഡ് ഏല്‍പിച്ചിട്ടുണ്ടോ? എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചോദിച്ചത്. സുനില്‍ കുമാറിനെ അറിയില്ലെന്നും ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലെന്നും ലക്ഷ്യയില്‍ കൊണ്ടുവന്ന് ഒന്നും തന്നിട്ടില്ലെന്നുമായിരുന്നു കാവ്യയുടെ മറുപടി. ദിലീപും മഞ്ജുവാര്യരും തമ്മിലുളള വിവാഹ ബന്ധം തകര്‍ന്നത് സംബന്ധിച്ചുളള വിവരങ്ങളും ചോദിച്ചു. 2013ല്‍ ദിലീപും അക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ചും വിവരങ്ങള്‍ ആരാഞ്ഞു. എല്ലാത്തിനും തനിക്കറിയില്ല എന്നായിരുന്നു കാവ്യയുടെ മറുപടി. അന്വേഷണം തുടരുകയാണെന്നും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും എറണാകുളം റൂറല്‍ എസ്.പി അറിയിച്ചു
കാവ്യയുടെ ചോദ്യം ചെയ്യലിനു പിന്നാലെയായിരുന്നു അമ്മ ശ്യാമളയുടെ മൊഴി എടുത്തത്. ലക്ഷ്യയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്ന ശ്യാമളയോടും, സുനില്‍ കുമാര്‍ ഏല്‍പിച്ചു എന്ന് പറയുന്ന മെമ്മറി കാര്‍ഡ് സംബന്ധിച്ചാണ് വിവരങ്ങള്‍ തേടിയത്. ലക്ഷ്യയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലം കൂടി കിട്ടിയശേഷം ആവശ്യമെങ്കില്‍ ഇരുവരേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസ്.
