സിനിമയില്‍ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിക്കണമെന്ന ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ്. ആഷിക് ആബു, കോളേജ് യൂണിയൻ ചെയർമാനും എസ് എഫ് ഐ നേതാവുമായിരുന്ന കാലത്തെ മഹാരാജാസ് കോളേജിലെ സ്ത്രീ വിരുദ്ധതയ്‍ക്ക് മാപ്പു പറയാന്‍ തയ്യാറാവുമോ എന്നാണ് പ്രതാപ് ജോസഫ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതാപ് ജോസഫിന്റെ പ്രതികരണം.
പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആഷിക് ആബു കോളേജ് യൂണിയൻ ചെയർമാനും എസ്സ്.എഫ്.ഐ. നേതാവുമായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലും ഹോസ്റ്റലിലും രണ്ടുവർഷക്കാലം ജീവിക്കുകയും എസ്സ്.എഫ്.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാൻ. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലൻസും അധികാരവാഞ്ഛയും മറ്റ് എവിടെയും ഞാൻ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക് ആബു മാപ്പുപറയാൻ തയ്യാറാവുകയാണെങ്കിൽ ഈ പറഞ്ഞതിൽ ഒരു ശതമാനം ആത്മാർത്ഥതയുണ്ടെന്ന് ഞാൻ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.
