പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ എസ്ര നാളെ റിലീസ് ചെയ്യും. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര ഒരു ഹൊറര്‍ സിനിമയാണ്. സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയാണ് പൃഥ്വിരാജിനുള്ളത്. എസ്രയെ കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്-

ഇതിനോടകം നൂറുപ്രാവശ്യം ഞാൻ എസ്ര കണ്ടുകഴിഞ്ഞു. ഇപ്പോൾ കാണുമ്പോഴും ആ സിനിമ എന്നെ അത്ഭുതപ്പെടുത്തുന്നു. പുതുതായ ഒരുപാട് കാര്യങ്ങൾ എസ്രയിലൂടെ നമുക്ക് അറിയാൻ കഴിയും.

ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്നു വാഴ്ത്തപ്പെടുന്ന ഭാർഗവി നിലയം സംഭവിച്ചത് മലയാളത്തിലാണ്. അന്ന് ഉണ്ടായിരുന്ന സാങ്കേതിക വിദ്യയില്‍ ഒരുങ്ങിയ ഭാർഗവി നിലയം ഇന്നും അത്ഭുതപ്പെടുത്തുന്ന സിനിമയാണ്. അതിന് ശേഷം ഫിലിം മേയ്ക്കിങിൽ ഒരുപാട് മാറ്റം വന്നു. എന്നിട്ടും സത്യസന്ധമായ ഹൊറർ സിനിമാ അറ്റെംപ്റ്റ് ഉണ്ടായിട്ടില്ല. പലതും ഹൊറർ കോമഡികളായിരുന്നു. എസ്ര പോലൊരു സ്ട്രെയിറ്റ് ഹൊറർ ഫിലിം പുതിയ കാലത്ത് ഇതാദ്യമാണെന്ന് വിശ്വസിക്കുന്നു. എസ്രയില്‍ നിങ്ങളെ ഭയപ്പെടുത്തുന്ന നിമിഷങ്ങളും രംഗങ്ങളുമുണ്ട്. ഒരു മുൻവിധിയുമില്ലാതെ എസ്ര കാണാൻ കയറിയാൽ മികച്ച അനുഭവമായിരിക്കും ചിത്രം നൽകുക. കണ്ട് പഴകിയ സിനിമ ആയിരിക്കില്ല എസ്ര എന്ന സിനിമ.