ഒരേതാരങ്ങള്‍ അഭിനയിക്കുന്ന രണ്ട് സിനിമകള്‍ അങ്ങനെ അടുത്തടുത്ത് റിലീസ് ആകുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്
പൃഥ്വിരാജും പാര്വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ സ്റ്റോറിയും കൂടെയും അടുത്തടുത്ത ആഴ്ചകളിലായിരുന്നു റിലീസ് ചെയ്തത്. എന്നാല് ഒരേതാരങ്ങള് അഭിനയിക്കുന്ന രണ്ട് സിനിമകള് അങ്ങനെ അടുത്തടുത്ത് റിലീസ് ആകുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു ഓണ്ലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
എനിക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില് അത്തരത്തില് സംഭവിക്കാന് ഞാന് ആഗ്രഹിക്കുന്നില്ല. 'കൂടെ'യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില് തന്നെ പുറത്തിറക്കുമെന്ന് മുന്കൂട്ടി നിശ്ചയിച്ചിരുന്നു. 'മൈസ്റ്റോറി'യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. 'മൈസ്റ്റോറി'യുടെ അണിയറ പ്രവര്ത്തകര്ക്ക് 'കൂടെ' തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന് സാധിക്കുന്നത് എന്റേതായ നിര്ദ്ദേശങ്ങള് നല്കുക എന്നതാണ്. അതു ഞാന് ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു''- പൃഥ്വിരാജ് പറഞ്ഞു.
അതേസമയം മൈസ്റ്റോറിക്കെതിരെ ഓണ്ലൈൻ പ്രചരണങ്ങള് നടക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി ദിനകര് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കസബ സിനിമയ്ക്ക് എതിരെ പാര്വതി പ്രതികരിച്ചതിന് തന്റെ സിനിമയ്ക്കെതിരെ മോശം പ്രതികരണം ഉണ്ടാകുകയാണെന്നുമായിരുന്നു റോഷ്നി പറഞ്ഞത്.
