അവിവേകം നിറഞ്ഞ കഥ രാജ്യങ്ങൾക്കിടയിലെ ബന്ധം വഷളാക്കാന്‍ ഇടയുണ്ടെന്ന് ഒരു വിഭാഗം
വാഷിംഗ്ടണ്: പ്രിയങ്ക ചോപ്രയുടെ അമേരിക്കൻ ടിവി ഷോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഇന്ത്യക്കാരെ തീവ്രവാദികളായി അവതരിപ്പിക്കുന്ന ഭാഗമാണ് വിവാദത്തിനിടയാക്കിയത്. ജൂൺ ഒന്നിന് സംപ്രേഷണം ചെയ്ത ക്വാന്റിക്കോ പരമ്പരയ്ക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. പാകിസ്ഥാനെ കുടുക്കാനായി ഒരു സംഘം ഇന്ത്യക്കാർ മാൻഹാറ്റനിൽ തീവ്രവാദി ആക്രമണം നടത്തുന്നെന്നാണ് കഥ.
പാക് വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന വെളിപ്പെടുന്നത്. പാകിസ്ഥാനെ കുടുക്കാനായി ഒരു സംഘം ഇന്ത്യക്കാർ ആസൂത്രണം ചെയ്യുന്ന കൃത്യം അമേരിക്കൻ അന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിഐഎ ഏജന്റ് ആയെത്തുന്ന പ്രിയങ്ക ചോപ്രയ്ക്ക് നേരെ ട്വിറ്ററിൽ വന് ആക്ഷേപമാണ്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന പരമ്പരയില് അഭിനയിക്കാൻ പ്രിയങ്ക തയ്യാറായെന്നാണ് പലരും പറയുന്നത്.
അവിവേകം നിറഞ്ഞ കഥ രാജ്യങ്ങൾക്കിടയിലെ ബന്ധം വഷളാകാൻ വരെ ഇടയാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിവാദങ്ങളിൽ അർത്ഥമില്ലെന്നും, പ്രേക്ഷകപ്രീതിയിൽ പിന്നിലായ പരമ്പരയെ കരകയറ്റാനുള്ള അണിയറക്കാരുടെ തന്ത്രമാണെന്നും അഭിപ്രായമുണ്ട്. 2015ൽ സംപ്രേഷണം തുടങ്ങിയ ക്വാന്റിക്കോ, പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കൻ ടെലിവിഷനിൽ മുൻനിര വേഷം കൈകാര്യം ചെയ്യുന്ന ആദ്യ തെക്കേ ഏഷ്യക്കാരി എന്ന നേട്ടവും ഇതോടെ, പ്രിയങ്ക സ്വന്തമാക്കിയിരുന്നു.
