തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമലാ പോളിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനാല്‍ അവരെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിലാസമുപയോഗിച്ചാണ് അമലാപോള്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്.

വിലാസത്തിലുള്ള വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചതെന്നാണ് അമല പറയുന്നത്. എന്നാല്‍ മുകളിലത്തെ നിലയാണ് തങ്ങള്‍ വാടകകക്ക് നല്‍കിയതെന്നാണ് വീട്ടുടമയുടെ മൊഴി. അതേസമയം അമലാപോള്‍ ഇവിടെ താമസിച്ചിരുന്നായി പ്രദേശവാസികളാരും തന്നെ മൊഴി നല്‍കിയിട്ടില്ല.

നോട്ടറി നല്‍കിയ മൊഴിയും അമല പോളിനെതിരാണ്. അമലക്ക് പകരം ഏജന്റാണ് വന്നിരുന്നതെന്നും നോട്ടറി അറിയിച്ചു. അവര്‍ നേരിട്ടെത്തുകയോ താന്‍ അവരെ കാണുകയോ ചെയ്തിട്ടില്ലെന്ന് നോട്ടറി ബാലശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.