മുറിയില്‍ പരസ്‌പരം ചേര്‍ന്നു നില്‍ക്കുന്ന ഇമ്രാന്‍ ഹാഷ്‌മിയും കൃതി ഖര്‍ബന്ധയും. ചുംബിക്കാനൊരുങ്ങുകയാണ്‌ അവര്‍. പ്രണയസംഗീതം പതിയെ ഉയര്‍ന്നു വരുന്നു. അവരുടെ മുഖങ്ങള്‍ തമ്മില്‍ ചേരുന്ന നേരത്താണ്‌ പൊടുന്നനെ ഒരു കൈ നീണ്ടു വന്ന്‌ കൃതിയുടെ കാലില്‍ കൊളുത്തി വലിക്കുന്നത്‌. പെട്ടെന്ന്‌ സംഗീതത്തിന്റെ ശൈലി മാറുന്നു. മുഖമടിച്ച്‌ നിലത്തേക്ക്‌ വീഴുന്ന നായിക കാര്‍പ്പറ്റടക്കം കട്ടിലിനടിയിലേക്ക്‌ വലിച്ചകറ്റപ്പെടുന്ന ഭീകരദൃശ്യം. സംഗീതം അതിന്റെ വശ്യതയ്‌ക്കൊപ്പം ഭയാനകവുമായി തീര്‍ന്നിരിക്കുന്നു. വിക്രം ഭട്ടിന്റെ റാസ്‌ പരമ്പരയിലെ നാലാമത്‌ ചിത്രമാണ്‌ പ്രേക്ഷകരെ സംഗീതം കൊണ്ട്‌ ഭയപ്പെടുത്താനെത്തുന്നത്‌.

റാസ്‌ റീബൂട്ടിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സൗണ്ട്‌ ഓഫ്‌ റാസ്‌ എന്ന പേരിട്ട ടീസര്‍ ചിത്രത്തിന്റെ ശബ്ദഭംഗി വ്യക്തമാക്കുന്നു. ഗാനവും പ്രണയവും ഹൊററും ചാലിച്ച വിവിധ ദൃശ്യങ്ങളും ശബ്ദമാതൃകകളുമാണു ടീസറിലുള്ളത്‌. പഴയകാല പ്രേതസിനിമകളുമായി കിടപിടിക്കുന്നതാവും ചിത്രത്തിന്റെ സൗണ്ട്‌ ഡിസൈനിംഗ്‌ എന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഗുംനാം, മഹല്‍, വോ കോന്‍ തി തുടങ്ങിയ ഹൊറര്‍ സിനിമകള്‍ക്ക്‌ ആദരവ്‌ അര്‍പ്പിച്ചു കൊണ്ടുള്ളവയായിരിക്കും പുതിയ റാസിലെ ഗാനങ്ങള്‍ എന്നു സംവിധായകന്‍ വിക്രം ഭട്ട്‌. ചിത്രം ഈ സെപ്‌തംബര്‍ 16ന്‌ തിയേറ്ററുകളിലെത്തും. ജീത്‌ ഉപേന്ദ്ര, സംഗീത്‌ സിദ്ദാര്‍ത്ഥ്‌ ഹാല്‍ദിപൂര്‍ എന്നിവരാണ്‌ സംഗീതം. 2002ല്‍ പുറത്തിറങ്ങിയ ആദ്യ റാസിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. നദീം ശ്രാവണായിരുന്നു അന്ന്‌ സംഗീത സംവിധായകര്‍.
റാസ്‌ റീബൂട്ടിന്റെ ടീസര്‍ കാണാം.